
തിരുവനന്തപുരം : ആത്‌മകഥയിലെ പരാമർശങ്ങളിൽ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ടിക്കാറാം മീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി വക്കീൽ നോട്ടീസയച്ചു. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. പരാമർശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ഇ.കെ.നയനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് ആത്മകഥയിൽ മീണയുടെ വെളിപ്പെടുത്തൽ. വയനാട് കളക്ടറായിരിക്കെ സസ്പെൻഡ് ചെയ്തതിന് പിന്നിലും പി.ശശിയെന്നും ആത്മകഥയിലുണ്ട്. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു. ഇടത് വലത് സർക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് ടിക്കറാം മീണയുടെ തോൽക്കില്ല ഞാൻ എന്ന ആത്മകഥയുടെ ഹൈലൈറ്റ്.
മാദ്ധ്യമപ്രവർത്തകൻ എം.കെ.രാംദാസിനൊപ്പം ചേർന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മേയ് രണ്ടിനാണ് പ്രകാശനം.