
കോഴിക്കോട്: സംസ്‌കരണത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും പാഠങ്ങൾ കൈവിടാതെ ഭാവിജീവിതം മുന്നോട്ടു നയിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ ഈദ് സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ആത്മ സംസ്‌കരണത്തിനായി ഒരു മാസക്കാലം സ്രഷ്ടാവിന്റെ കല്പനകൾ ശിരസാവഹിച്ച വിശ്വാസികൾ സഹനത്തിന്റെയും സംയമനത്തിന്റെയും പാത കൈവെടിയരുത്. വിശുദ്ധ റംസാൻ പകർന്നു നൽകിയ വിശ്വാസ്യ ദാർഢ്യതയും ആത്മവിശ്വാസവും നന്മയുടെ മാർഗത്തിൽ വിനിയോഗിക്കണം. സമൂഹത്തിന്റെയും നാടിന്റെയും പുരോഗതിക്കു വേണ്ടി യത്‌നിക്കാൻ ഉപയോഗപ്പെടുത്തണം. സംയമനത്തിന്റെ പാത സ്വീകരിച്ച് വെല്ലുവിളികളെ നേരിടാൻ വിശ്വാസികൾ തയ്യാറാകണം.
മറ്റുള്ളവരുടെ ആഗ്രഹങ്ങളും പ്രയാസങ്ങളും തന്റേതു തന്നെയായി കാണുന്ന സഹാനുഭൂതിയുടെ പാഠങ്ങളാണ് വിശുദ്ധ റംസാൻ പകർന്നു നൽകിയിട്ടുള്ളത്. മറ്റുള്ളവരുടെ വികാരങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുമ്പോൾ സമൂഹത്തിന്റെ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയും. മാനവികതയുടെ മഹിത സന്ദേശമാണ് ഈദ് മുന്നോട്ടുവയ്ക്കുന്നത്. ഈ സന്ദേശം അരക്കിട്ടുറപ്പിക്കുകയാണ് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.