
കൊച്ചി: പീഡനക്കേസിൽ ആരോപണ വിധേയനായ നടന്‍ വിജയ് ബാബുവിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. കേസ് തീരുംവരെ വിജയ് ബാബുവിനെ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിനിര്‍ത്താനാണ് കൊച്ചിയിൽ ചേർന്ന അമ്മയുടെ എക്സിക്യുട്ടീവ് യോഗം തീരുമാനം. പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ്ബാബു അമ്മയ്ക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നു ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്. ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നതിനാലാണ് മാറിനിൽക്കുന്നതെന്ന് വിജയ് ബാബു കത്തിൽ പറയുന്നു. അതേസമയം ഇക്കാര്യത്തിൽ അമ്മയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് എത്തിയിട്ടില്ല.
നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം. വിജയ് ബാബു നൽകിയ വിശദീകരണം എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്തു. ഇതിന് ശേഷമാണ് മാറ്റിനിർത്താൻ തീരുമാനിച്ചത്.
ഇതിനിടെ ദുബായിൽ ഒളിവിലുള്ള നടനെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം കൊച്ചി സിറ്റി പൊലീസ് ഊർജിതമാക്കി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിൽ ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. അറസ്റ്റ് ചെയ്യാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.നടൻ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ വേനലവധിയ്ക്ക് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് പ്രത്യേക നിർദ്ദേശമൊന്നും ഇല്ലാത്തതിനാൽ അറസ്റ്റിന് തടസ്സമില്ലെന്ന നിഗമനത്തിലാണ് പൊലീസ്.