
കോട്ടയം: കാൽനൂറ്റാണ്ടായി മലയാളിയുടെ രുചിശീലങ്ങളുടെ ഭാഗമായ ഷവർമ ഭക്ഷ്യവിഷബാധയുടെ പേരിൽ ഇടയ്ക്കിടെ വാർത്തകളിൽ നിറയുകയാണ്. അറേബ്യൻ നാടുകളിൽ ഒരിക്കൽപ്പോലും അപകടമുണ്ടാക്കാത്ത ഷവർമയെങ്ങനെ ഇവിടെമാത്രം വില്ലനാകുന്നു. ഒറ്റ ഉത്തരമേയുള്ളൂ. വൃത്തിയില്ലായ്മ!
2012ൽ തിരുവനന്തപുരത്തുനിന്ന് ഷവർമ കഴിച്ച യുവാവ് ബാംഗ്ളൂരുവിൽ മരിച്ചതിന് ശേഷമാണ് ഷവർമ കേരളത്തിൽ നോട്ടപ്പുള്ളിയായത്. അന്ന് സംസ്ഥാനമൊട്ടാകെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴകിയ ഇറച്ചി ഉപയോഗിക്കുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളും ശ്രദ്ധയിൽപ്പെട്ട സ്ഥലങ്ങളിൽ നിരോധനവും ഏർപ്പെടുത്തി. കാസർകോട് ചെറുവത്തൂരിൽ വിദ്യാർത്ഥിനി ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരണമടഞ്ഞതോടെയാണ് ഇത് വീണ്ടും ചർച്ചയാകുന്നത്.
കമ്പിയിൽ കോർത്ത രുചി
എല്ലു നീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയിൽ കോർത്ത് ഗ്രിൽ അടുപ്പിന് മുന്നിൽ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവർമ. ആട്, പോത്ത് ഇറച്ചികളെല്ലാം ഷവർമയ്ക്ക് കൊള്ളാമെങ്കിലും ഇവിടെ ചിക്കനോടാണ് പ്രിയം.
പേടിക്കണം ബോട്ടുലിനം ടോക്‌സിനെ
ബോട്ടുലിനം ടോക്‌സിൻ എന്ന വിഷാംശമാണ് ഷവർമയെ വില്ലനാക്കുന്നത്. പൂർണമായും വേവിക്കാത്തതോ പഴകിയതോ വൃത്തിയില്ലാത്തതോ ആയ ഇറച്ചിയിൽ പതിയിരിക്കുന്ന ക്ലോസ്ട്രിഡിയം ബാക്ടീരിയയാണ് ബോട്ടുലിനം ടോക്‌സിൻ നിർമിക്കുന്നത്. പഴകിയ മാംസം ഉപയോഗിക്കുകയോ വൃത്തിയില്ലാത്ത പരിസരത്ത് ഉണ്ടാക്കുകയോ ചെയ്താൽ പണിയുറപ്പ്!
ശ്രദ്ധിക്കേണ്ടത്
ഷവർമയുണ്ടാക്കുന്ന സ്ഥലം ചില്ലിട്ട് സൂക്ഷിക്കണം
മാംസം ലൈസൻസുള്ള കടകളിൽ നിന്നു വാങ്ങണം
മാംസം ഫ്രീസറിൽ 18 ഡിഗ്രിയിൽ സൂക്ഷിക്കണം.
വെള്ളം അംഗീകൃത ലാബുകളിൽ പരിശോധിക്കണം
ജീവനക്കാർ ശുചിത്വമുള്ള വസ്ത്രങ്ങൾ ധരിക്കണം
ജീവനക്കാർക്ക് പകർച്ചവ്യാധി ഇല്ലെന്ന് ഉറപ്പാക്കണം.
അതതു ദിവസത്തേയ്ക്കുള്ള ഷവർമ മാത്രം ഉണ്ടാക്കണം
പ്ലേറ്റുകൾ ചൂടുവെള്ളത്തിൽ അണുനാശം വരുത്തണം
മയോണൈസ് ഒരുദിവസത്തേയ്ക്ക് മാത്രം ഉണ്ടാക്കണം