vijay-babu

കൊച്ചി: 'അമ്മ' യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് മാലാ പാർവതി രാജിവച്ചു. ബലാത്സംഗ കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

ഇന്നലെ ചേർന്ന യോഗം ശുപാർശ തള്ളിയതിൽ സമിതിയിലെ മറ്റ് അംഗങ്ങൾക്കും അമർഷമുണ്ട്. കേസ് തീരുംവരെ വിജയ് ബാബുവിനെ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിനിര്‍ത്താനായിരുന്നു കൊച്ചിയിൽ ചേർന്ന അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിലെ തീരുമാനം.

നിരപരാധിത്തം തെളിയും വരെ മാറി നിൽക്കാമെന്ന് കാണിച്ച് വിജയ്ബാബു അമ്മയ്ക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്.