
കൊച്ചി: ബലാത്സംഗ കേസ് തീരുംവരെ വിജയ് ബാബുവിനെ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിലെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് നടി മാലാ പാർവതി. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ (ഐസിസി) നിന്ന് രാജിവച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
സമിതിയുടേത് തെറ്റായ നടപടിയാണെന്ന് മാല പാർവതി പറഞ്ഞു. അമ്മയുടെ വൈസ് പ്രസിഡന്റ് ശ്വേത മേനോനും മറ്റൊരംഗമായ കുക്കു പരമേശ്വരനും രാജി സന്നദ്ധത അറിയിച്ചിരുന്നു. എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും വിജയ് ബാബുവിനെ മാറ്റണമെന്ന ആവശ്യമാണ് ഐസിസി മുന്നോട്ട് വച്ചത്. നിർവാഹക സമിതി അംഗത്വത്തിൽ നിന്നും മാറിനിൽക്കാമെന്ന് വിജയ് ബാബു അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. ഇത് സ്വീകരിക്കാനുള്ള സാദ്ധ്യതയുള്ളതായി തങ്ങൾ ചിന്തിച്ചില്ലെന്നും മാലാ പാർവതി പറഞ്ഞു.
വീട്ടിലിരുന്നു സുഹൃത്തുക്കളോട് തമാശ പറയുന്നത് പോലെയല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നത്. എന്ത് അടിസ്ഥാനത്തിലായാലും അത് അംഗീകരിക്കാൻ സാധിക്കില്ല. ദിലീപിന്റെ വിഷയത്തിൽ സംഭവിച്ചത് പോലെ വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ല. എന്നാൽ വിജയ് ബാബു അംഗമായ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കണം. ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്തയാൾ അങ്ങനെയൊരു പദവിയിൽ തുടരാൻ അർഹനല്ല. അമ്മ ആവശ്യപ്പെട്ടതിന് ശേഷമാണ് നിർവാഹക സമിതിയിൽ നിന്നും നടൻ മാറിയതെങ്കിൽ താൻ രാജി വയ്ക്കില്ലായിരുന്നു.പരാതി ലഭിച്ചില്ലെന്നും ഈ വിഷയത്തിൽ വാദിക്കാൻ സാധിക്കില്ല. അമ്മയ്ക്ക് സ്വമേധയാ നടപടി സ്വീകരിക്കാവുന്നതാണെന്നും താരം വ്യക്തമാക്കി.
തന്നോട് രാജി വയ്ക്കരുതെന്ന് നടൻ സുധീർ കരമന ആവശ്യപ്പെട്ടുവെന്നും താരം പറഞ്ഞു. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഐസിസി സ്ഥാപിതമായതെന്നും അതിനാൽ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും മാലാ പാർവതി പറഞ്ഞു.