
ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് നടി യോഗിയെ കണ്ടത്.
ഒക്‌ടോബറിന് ശേഷം ഇത് രണ്ടാം തവണയാണ് കങ്കണയും യോഗിയും കൂടിക്കാഴ്ച നടത്തുന്നത്. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് മുഖ്യമന്തിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഒരു ചെറിയ കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
'അടുത്തകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെ മഹത്തായ വിജയത്തിന് ശേഷം മഹാരാജ് ജിയെ കാണാൻ ഇന്ന് എനിക്ക് ഭാഗ്യമുണ്ടായി... അത്ഭുതകരമായ സായാഹ്നമായിരുന്നു. മഹാരാജ് ജിയുടെ അനുകമ്പയും ആഴത്തിലുള്ള അറിവും വിസ്മയിപ്പിക്കുന്നു.. എനിക്ക് ബഹുമാനവും പ്രചോദനവും തോന്നുന്നു...'-എന്നാണ് കങ്കണ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ യോഗിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു.