devananda

കാസര്‍കോട്: ഷവർമ കഴിച്ചു പെൺകുട്ടി മരിക്കുകയും 31 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ സ്ഥാപനത്തിന്റെ വാഹനം കത്തി നശിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തിന്റെ വാഹനമാണ് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവിടെ നിന്ന് ഷവര്‍മ കഴിച്ച കരിവെള്ളൂർ പെരളം ചീറ്റയിലെ നാരായണൻ - പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) മരിച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ചന്തേര ഇൻസ്‌പെക്ടർ പി നാരായണൻ
ഐഡിയല്‍ കൂള്‍ബാറിന്റെ മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അനക്‌സ്, ഷവര്‍മ മേക്കര്‍ നേപ്പാള്‍ സ്വദേശി സന്ദേശ് റായി എന്നിവരെ അറസ്റ്റ് ചെയ്തു.

മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൂള്‍ ബാറിന്റെ ഉടമ വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മരണത്തിൽ കലാശിച്ച സംഭവങ്ങളെ കുറിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ചെറുവത്തൂരിലെ സ്ഥാപനം സന്ദർശിച്ച ശേഷം കാസർകോട് ജില്ലാ പൊലീസ് ചീഫ് വൈഭവ് സക്സേന പറഞ്ഞു.

ഷവർമ ഉണ്ടാക്കി കുട്ടികൾക്ക് വിതരണം ചെയ്ത രണ്ടു പേരെ പിടികൂടിയിട്ടുണ്ട്. കുറ്റവാളികൾക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് മേധാവി പറഞ്ഞു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂൾ ബാറിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പെൺകുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.