kerala-hill-stations

രാജ്യം ചുട്ടുപൊള്ളുകയാണ്. പലയിടങ്ങളിലും ഉഷ്ണ തരംഗത്തിന്റെ ഭീഷണിയും. പൊള്ളുന്ന വെയിലിലും കൊടും ചൂടിലും കൂടുതൽപ്പേരും ആഗ്രഹിക്കുന്നത് തണുപ്പുള്ള പ്രദേശങ്ങളിൽ ചിലവഴിക്കാനാകും. എന്നാൽ അത്തരം സ്ഥലങ്ങൾ തേടി കൈയിലൊതുങ്ങാത്ത കാശ് മുടക്കി വിദേശരാജ്യങ്ങളിൽ പോകണമെന്നില്ല. നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ അത്തരത്തിൽ നിരവധി സ്ഥലങ്ങൾ ഉണ്ട്.

പച്ചപ്പാർന്ന കുന്നുകളും പ്രകൃതിയുടെ സൗന്ദര്യവും ഒത്തിണങ്ങിയ കേരളത്തിലെ സ്ഥലങ്ങൾ എന്നുകേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക മൂന്നാറും സൈലന്റ് വാലിയും നെല്ലിയാമ്പതിയും ഒക്കെയാവും. എന്തിനേറെ പറയുന്നു കേരളത്തിൽ എത്തുന്ന വിദേശികൾ പോലും തിരഞ്ഞെടുക്കുന്നത് ഇത്തരം പേരുകേട്ട സ്ഥലങ്ങളാവും.എന്നാൽ ചൂടിൽ നിന്നും രക്ഷ നേടി മനസിനും ശരീരത്തിനും കുളിർമയേകുന്ന അധികം അറിയപ്പെടാത്ത നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. അത്തരം കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

വയനാട് ചെമ്പ്ര പീക്ക്

chembra-peak

കുന്നുകൾക്കും ചുരങ്ങൾക്കും ജലാശയങ്ങൾക്കും പേര് കേട്ട സ്ഥലമാണ് വയനാട്. എടക്കൽ ഗുഹയും ബാണാസുര സാഗർ ഡാമും, മീൻമുട്ടി വെള്ളച്ചാട്ടവും ഒക്കെ വയനാട്ടിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. എന്നാൽ അധികമാർക്കും അറിയാത്ത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. അതിലൊന്നാണ് ചെമ്പ്ര പീക്ക്.

കൽപ്പറ്റയിൽ നിന്ന് എട്ട് കിലോമീറ്റർ തെക്കായി കാണുന്ന മേപ്പാടി പട്ടണത്തോട് ചേർന്ന് കിടക്കുന്ന വയനാട്ടിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ചെമ്പ്ര പീക്ക്. തമിഴ്‌നാട്ടിലെ നീലഗിരി ചരിവുകളുടെയും കോഴിക്കോട് വല്ലരിമലയുടെയും അതിർത്തിയാണ് ചെമ്പ്ര. വയനാടിന്റെ തെക്കൻ ഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് 2,100 മീറ്റർ ഉയരത്തിൽ കാണപ്പെടുന്ന കൊടുമുടിയാണിത്. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഇവിടം ട്രെക്കിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. കൊടുമുടിയുടെ ഏറ്റവും ഉയരത്തിൽ എത്തിയാൽ ഒരിക്കലും വറ്റിയിട്ടില്ലാത്ത ഹൃദയത്തിന്റെ രൂപത്തിലുള്ള തടാകം കാണാം.

കോട്ടയം ഇല്ലിക്കൽ കല്ല്

illikkal-kallu

ഭൂപ്രദേശങ്ങൾക്കും പ്രകൃതി സൗന്ദര്യത്തിനും പേര് കേട്ട ജില്ലയാണ് കോട്ടയം. എന്നാൽ കോട്ടയത്ത് അധികമാരും കടന്നുചെന്നിട്ടില്ലാത്ത ഒരു സ്ഥലമുണ്ട്. ഇല്ലിക്കൽ കല്ല്. ഏകശില അഥവാ ഒറ്റക്കല്ലാണ് ഇവിടത്തെ പ്രധാന ആകർഷണം. വലിയൊരു പാറയുടെ ഒരു ഭാഗം അടർന്നുവീഴുകയും മറുഭാഗം അവിടെത്തന്നെ നിലനിൽക്കുകയുമാണ്. സമുദ്രനിരപ്പിൽ നിന്ന് 3400 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മീനച്ചിൽ താലൂക്കിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

രാവിലെ എട്ട് മണിമുതൽ വൈകിട്ട് ആറ് വരെയാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്. മഞ്ഞുമൂടിയ കുന്നിൻ പ്രദേശവും തണുപ്പും സഞ്ചാരികളുടെ മനം നിറയ്ക്കും. കുന്നിൻ കൊടുമുടിയിലെത്താൻ ഏകദേശം ഒരു കിലോമീറ്റർ നടക്കേണ്ടതുണ്ട്. നീല കൊടുവേലി എന്ന ഐതിഹ്യ ഔഷധ സസ്യം ഇവിടെ വളരുന്നതായി പറയപ്പെടുന്നു.

തിരുവനന്തപുരം തിരിച്ചിട്ടൂർ പാറ

thirichittoor-para

തിരുവനന്തപുരം സ്വദേശികൾ പോലും അധികം കേൾക്കാത്ത പ്രദേശമായിരിക്കും തിരിച്ചിട്ട പാറ അഥവാ തിരിച്ചിട്ടൂർ പാറ. നെടുമങ്ങാട് ആണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. സേതുബന്ധനത്തിന് ശേഷം ഹനുമാൻ ഈ പാറ തിരിച്ചിട്ടുവെന്നും അങ്ങനെയാണ് പ്രദേശത്തിന് ഈ പേര് വന്നതെന്നുമാണ് വിശ്വാസം. ഹനുമാൻ സ്വാമി മരുത്വാമലയാണെന്ന് തെറ്റിദ്ധരിച്ച് ആദ്യം എടുത്തുയർത്തിയത് ഈ മലയാണെന്നും അബദ്ധം മനസിലായപ്പോൾ പാറ തിരിച്ച് വയ്ക്കുകയായിരുന്നു എന്ന് മറ്റൊരു വിശ്വാസവും നിലനിൽക്കുന്നു. സഞ്ചാരികൾ അധികം എത്തിച്ചേരാത്തതിനാൽ ചിലയിടങ്ങളിലൊക്കെ കാട് പിടിച്ചുകിടക്കുന്നതായി കാണാം. ഇവിടെ ഒരു ആഞ്ജനേയ സ്വാമി ക്ഷേത്രവും കുളവുമുണ്ട്.

പാലക്കാട് അനങ്ങൻമല

ananganmala

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനും വാണിയൻകുളത്തിനും അടുത്തായി സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് അനങ്ങൻമല. വനംവകുപ്പിന് കീഴിൽ വരുന്ന ഇക്കോ ടൂറിസം പദ്ധതിയാണിത്. ഒറ്റപ്പാലത്ത് നിന്ന് 11 കിലോമീറ്റർ അകലെയാണ് ഈ മല കാണപ്പെടുന്നത്. മല കയറ്റത്തിനും ട്രെക്കിംഗിനും അനുയോജ്യമായ സ്ഥലം. പാറകളും കുന്നും നിറഞ്ഞ പ്രദേശമാണിത്. ഹനുമാൻ ശ്രമിച്ചിട്ട് പോലും അനക്കാൻ സാധിക്കാത്തതിനാലാണ് ഈ മലയ്ക്ക് അനങ്ങൻമല എന്ന പേര് വന്നതെന്നാണ് വിശ്വാസം.

കണ്ണൂർ പാലക്കയം തട്ട്

palakkayam-thattu

കണ്ണൂരിന്റെ ഊട്ടി എന്ന് വിളിപ്പേരുള്ള സ്ഥലമാണ് പാലക്കയം തട്ട്. കണ്ണൂരിലെ കുടജാദ്രിയെന്നും ഇവിടം അറിയപ്പെടുന്നു. കണ്ണൂരിൽ നിന്നും ഏകദേശം 60 കിലോമീറ്റർ അകലെയായി നടുവിൽ പഞ്ചായത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരം. ചെങ്കുത്തായ കയറ്റം കയറിയാണ് പാലക്കയം തട്ടിൽ എത്തുന്നത്. അടിഭാഗത്തായി ഒരു ഗുഹയുമുണ്ട്. പാലക്കായി മരംതട്ട് എന്ന പേരിൽ നിന്നാണ് പാലക്കയം തട്ട് എന്ന പേര് ഉണ്ടാവുന്നത്. വീശിയടിക്കുന്ന ശക്തമായ കാറ്റും കുളിരും ഇവിടെ എത്തിയാൽ ആസ്വദിക്കാം. കൊടും വേനലിലും വറ്റാത്ത നീരുറവകൾ ഇവിടെയുണ്ട്.

കണ്ണൂരിൽ നിന്നും മണ്ഡളം വഴി കെഎസ്ആർടിസി ബസിന്റെ സേവനം സഞ്ചാരികൾക്ക് ലഭ്യമാണ്. ഇവിടെ നിന്ന് നാല് കിലോമീറ്റർ കടന്നാൽ പാലക്കയം തട്ടിയെത്താം. ലഘുഭക്ഷണവും പാനീയവും മലയ്ക്ക് മുകളിലായി കാണുന്ന കടകളിൽ ലഭ്യമാകും. മാത്രമല്ല സഞ്ചാരികൾക്കായി നിരവധി വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.