
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ മേയ് 19ന് ഹാജരാകാമെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രയിലാണെന്നും ഹാജരാകാൻ സാവകാശം വേണമെന്നുമാണ് വിജയ് ബാബു പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം സാവകാശം നൽകില്ലെന്നാണ് പൊലീസിന്റെ നിലപാടെന്നാണ് വിവരം.
ഹൈക്കോടതിയിൽ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മേയ് 18നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇത് മുന്നിൽ കണ്ടാണ് വിജയ് ബാബുവിന്റെ നീക്കം. പീഡന ആരോപണത്തെ തുടർന്ന് വിദേശത്തേക്ക് കടന്ന താരത്തോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതിക്ക് തൊട്ടടുത്ത ദിവസം നേരിട്ട് ഹാജരാകാമെന്ന് നടൻ അറിയിച്ചിരിക്കുന്നത്. നിലവിൽ ദുബായിലാണ് വിജയ് ബാബു. ഇദ്ദേഹത്തിന് ഹൈക്കോടതിയുടെ വേനലവധി കഴിയും വരെ അവിടെ തുടരാൻ തടസമൊന്നുമില്ല. മേയ് 18നാണ് അവധി കഴിഞ്ഞ് കോടതി തുറക്കുന്നത്.