kk

കാസർകോട്: ചെറുവത്തൂർ സ്വദേശിനി ദേവനന്ദയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക നിഗമനം. . എന്നാൽ വിശദമായ പരിശോധനാ ഫലങ്ങൾ കൂടെ വന്ന ശേഷമായിരിക്കും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ. പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം കൂടെ വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാവൂ എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

അതേസമയം സംഭവത്തിൽ ഷവർമ്മ ഉണ്ടാക്കിയ ഹോട്ടലിന്റെ ഉടമയെയും പ്രതി ചേർത്തിട്ടുണ്ട്. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേർത്തത്. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. ഇയാൾ വിദേശത്താണ്.

ദേവനന്ദ മരിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് കൈമാറിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കടയിൽ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി ഐഡിയൽ ഫുഡ് പോയിന്റ് മാനേജിം​ഗ് പാ‍ർട്‌ണർ മുല്ലോളി അനെക്സ്​ഗ‍ർ. ഷവർമ്മ തയ്യാറാക്കിയ നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഡിയൽ ഫുഡ് പോയിന്റിലേക്ക് കോഴിയിറച്ചി നൽകിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയെ ചിക്കൻ സെൻ്റർ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് നടപടി.