kk

തിരുവനന്തപുരം: വർക്കല ചെമ്മരുതിയിൽ ബന്ധുവായ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വര്‍ക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലു (36) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.. കഴിഞ്ഞ മാസം 28 നാണ് അയൽവാസിയും ബന്ധുവുമായ അനിൽ ഷാലുവിനെ ആക്രമിച്ചത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷാലു ഉച്ചയ്ക്ക് ആഹാരം കഴിക്കാന്‍ എത്തിയപ്പോഴാണ് വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷാലു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. പ്രതിയായ ചെമ്മരുതിയില്‍ ചാവടിമുക്ക് വിളയില്‍ വീട്ടില്‍ അനിലിനെ അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഷാലുവിന്റെ ഭര്‍ത്താവ് വിദേശത്ത് ആണ്. ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.. ബന്ധുവായ അനിലുമായി സാമ്പത്തിക ഇടപാടുകളിൽ ഷാലുവിന് തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.