
തിരുവനന്തപുരം: മുൻ എം എൽ എ പി സി ജോർജിനെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. വർഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണം. അവർ ഏത് മത രാഷ്ട്രീയത്തിൽപെട്ടവരാണെങ്കിലും മാറ്റിനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
വെട്ടിന് വെട്ട്, കൊലയ്ക്ക് കൊല അംഗീകരിക്കാനാവില്ല. പി സി ജോർജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകർത്ത് കലാപത്തിന് ശ്രമിച്ചാൽ നേരിടണം. കലാപ അന്തരീക്ഷം കെടുത്താൻ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. ഒരു ശക്തിക്കും നാടിന്റെ ഒരുമയെ തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറ്റുകാൽ പൊങ്കാലക്കാലത്ത് പാളയം പള്ളി വിട്ടുകൊടുക്കാറുണ്ട്. അദ്വൈതാശ്രമത്തിൽ ഈദ് ഗാഹ് നടത്താറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം പറഞ്ഞു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പ്രസംഗം. മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നവെന്നൊക്കെയാണ് ജോർജ് പറഞ്ഞത്. 29ന് നടന്ന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രാഷ്ട്രീയസംഘടനകൾ പൊലീസിൽ പരാതി നൽകി. പിന്നാലെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു.