
തിരുവനന്തപുരം: മുപ്പത് ദിനരാത്രങ്ങൾ നീണ്ട വ്രതാനുഷ്‌ഠാനങ്ങൾക്ക് പരിസമാപ്‌തി. പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും നിറവിൽ ഇന്ന് ചെറിയപെരുന്നാൾ. കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ ആഘോഷപൂർവമാണ് വിശ്വാസികൾ ചെറിയപെരുന്നാൾ ആചരിക്കുന്നത്.
ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയർത്തി ഫിതർ സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. മൈലാഞ്ചിയും പുതുവസ്ത്രങ്ങളുമണിഞ്ഞ് പെരുന്നാൾ നമസ്‌കാരവും നിർവഹിച്ച് വിശ്വാസികൾ തങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമ്മാനങ്ങൾ കൈമാറും.
മാസപ്പിറവി കാണാത്തതിനാൽ 30 നോമ്പ് പൂർത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേൽക്കുന്നത്. കലണ്ടർപ്രകാരം, ചെറിയ പെരുന്നാൾ അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് കേരളത്തിൽ ചൊവ്വാഴ്‌ച ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ പ്രമാണിച്ച് ഇന്നും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.