
ജയ്പൂർ: ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജോധ്പൂരിലെ ജലോരി ഗേറ്റ് പ്രദേശത്ത് സംഘർഷം. ഇതിനെത്തുടർന്ന് ഇന്നലെ രാത്രിയോടെ പ്രദേശത്ത് കല്ലേറുമുണ്ടായി. സ്ഥിതി വഷളായതോടെ പൊലീസ് ലാത്തി വീശുകയും പിന്നാലെ രാത്രി ഒരുമണിയോടെ ജില്ലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിറുത്തലാക്കുകയും ചെയ്തു. ജോധ്പൂർ ഡിവിഷണൽ കമ്മീഷണർ ഹിമാൻഷു ഗുപ്തയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുത്തിയത്.
Rajasthan | In order to maintain law and order in Jodhpur, internet services has been temporarily suspended in the city. pic.twitter.com/lnv0KXM4fl
— ANI MP/CG/Rajasthan (@ANI_MP_CG_RJ) May 3, 2022
2ജി, 3ജി, 4ജി മൊബൈൽ ഡേറ്റ, ബൾക്ക് സന്ദേശങ്ങൾ, വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സമൂഹ മാദ്ധ്യമങ്ങൾ തുടങ്ങിയ സേവനങ്ങളാണ് തടസപ്പെട്ടത്. സാധാരണ ഫോൺ കോൾ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എന്നിവയ്ക്ക് തടസമുണ്ടായില്ല.
ജലോരി ഗേറ്റ് പ്രദേശത്ത് സ്വാതന്ത്ര്യ സമര സേനാനിയായ ബൽമുകന്ദ് ബിസ്സയുടെ പ്രതിമയിൽ സ്ഥാപിച്ചിരുന്ന കാവി പതാക മാറ്റി ഇസ്ലാമിക പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായി. ഇതിനെ എതിർത്തുകൊണ്ട് ഇരു സമുദായത്തിലെയും അംഗങ്ങൾ രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
ആക്രമണത്തിനിടെ നടന്ന കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിനിടയിൽ പെരുന്നാൾ നമസ്‌കാരത്തിനായി പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികളും ജനക്കൂട്ടം പിഴുതെറിഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
സംഭവം ദൗർഭാഗ്യകരമായിപ്പോയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. എന്ത് വിലകൊടുത്തും പ്രദേശത്തെ ക്രമസമാധാനം പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.