modi

ബെർലിൻ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസം ആരംഭിച്ച യൂറോപ്യൻ പര്യടനത്തിൽ ലോക രാജ്യങ്ങൾ ഉറ്റുനോക്കിയത് റഷ്യ-യുക്രെയിൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് എന്താവും എന്നായിരുന്നു. യുദ്ധം തുടങ്ങിയത് മുതൽ സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന ഇന്ത്യ, പക്ഷേ പാശ്ചാത്യ ശക്തികളുടെ വഴിയേ റഷ്യയ്ക്ക് നേരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിന് പുറമേ റഷ്യയിൽ നിന്നും കൂടിയ അളവിൽ ക്രൂഡ് ഓയിൽ ഇറക്കുമതിയും ആരംഭിച്ചിരുന്നു. യു എന്നിലും റഷ്യയ്‌ക്കെതിരെയുള്ള പ്രമേയങ്ങളിൽ നിന്നെല്ലാം ഇന്ത്യ വിട്ടു നിൽക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഇന്ത്യ റഷ്യയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പ്രതിച്ഛായയാണ് ലോകത്തിന് നൽകിയത്. എന്നാൽ ഈ മുൻധാരണകളെ എല്ലാം മായ്ക്കുന്ന പ്രസ്താവനയാണ് യൂറോപ്പിന്റെ മണ്ണിൽ ഇന്ത്യൻ പ്രധാനമന്ത്രി നൽകിയത്.

റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിൽ ഒരാൾക്കും അന്തിമ വിജയമുണ്ടാവില്ലെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ധീരമായി പ്രസ്താവിച്ചത്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്. യുദ്ധം ഏവർക്കും നഷ്ടമുണ്ടാക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു,അതിനാൽ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ്. യുദ്ധം നിമിത്തം ലോകത്തിനുണ്ടായ കഷ്ടപ്പാടുകളെ കുറിച്ചും അദ്ദേഹം അക്കമിട്ട് പറഞ്ഞു.


യുക്രെയിൻ സംഘർഷത്തെ തുടർന്ന് എണ്ണവില കുതിച്ചുയരുകയാണെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷ്യധാന്യങ്ങൾക്കും വളങ്ങൾക്കും ക്ഷാമമുണ്ടെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും യുദ്ധം വരുത്തുന്ന ആഘാതം പ്രത്യേകിച്ചും ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസമായി തുടരുന്ന യുദ്ധം നിമിത്തമുണ്ടാകുന്ന മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. റഷ്യയുടെ ആക്രമണത്തിൽ ആയിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു. യുദ്ധം ആരംഭിച്ചപ്പോൾ തന്നെ വെടിനിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സംഭാഷണത്തിലൂടെ മാത്രമേ തർക്കം പരിഹരിക്കാൻ കഴിയുകയുള്ളു. അതേസമയം യുക്രെയിനെ ആക്രമിച്ചതിലൂടെ റഷ്യ യുഎൻ ചാർട്ടർ ലംഘിച്ചുവെന്ന് ചാൻസലർ ഷോൾസ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മൂന്ന് ദിവസത്തെ യൂറോപ്പ് സന്ദർശനത്തിന് മോദി ജർമ്മനിയിലെത്തിയത്. ആദ്യ ദിനം ജർമ്മനിയിൽ സന്ദർശനം നടത്തിയ അദ്ദേഹം ഡെന്മാർക്കിലും ഫ്രാൻസിലും സന്ദർശനം നടത്തിയ ശേഷമേ തിരികെ എത്തു. ജർമ്മനിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി മോദിയെയും ക്ഷണിച്ചിട്ടുണ്ടെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് അറിയിച്ചു.