ചെമ്മീൻ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കറിയേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, അത് ചെമ്മീൻ കരടയാണ്. പേര് കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും വളരെ കുറച്ച് ചേരുവകൾ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കാം. മാത്രവുമല്ല, പാചകത്തിൽ തുടക്കക്കാർക്ക് പോലും വിജയകരമായി പരീക്ഷിക്കാവുന്ന ഐറ്റവുമാണിത്.

ചട്ടി ചൂടാക്കിയ ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അതിലേക്ക് രണ്ട് സ്പൂൺ മുളക് പൊടിയും അര ടീ സ്പൂൺ മഞ്ഞൾപ്പൊടിയും ഒന്നര ടീ സ്പൂൺ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് ചൂടാക്കണം. ശേഷം ഇതിലേക്ക് ചെറിയ ഉള്ളി ചതച്ചെടുത്തത് കൂടി ചേർക്കണം. ഉള്ളി വെന്തുടയുമ്പോഴേക്കും അതിലേക്ക് കഴുകി വൃത്തിയാക്കിയ ചെമ്മീൻ ചേർക്കണം.

ചോറിന് ഈ കറിയുണ്ടെങ്കിൽ മറ്റു കൂട്ടാനൊന്നും വേണ്ട. അത്രയും രുചികരമാണ് ചെമ്മീൻ കരട. ചാറോടെ കഴിക്കാൻ ഇഷ്ടമുള്ളവർക്ക് അങ്ങനെയും വറ്റിച്ചെടുക്കണമെന്നുള്ളവർക്ക് അങ്ങനെയും കഴിക്കാം. ഏത് രീതിയായാലും കറി അടുപ്പിൽ നിന്നും ഇറക്കുന്നതിന് മുന്നേ അല്പം വെളിച്ചെണ്ണ കൂടി ചേർത്തു കൊടുത്താൽ രുചിയും കൂടും. ചെമ്മീൻ കരടയ്‌ക്കൊപ്പം നല്ല ചൂട് രസവും പരീക്ഷിക്കാവുന്നതാണ്.

food