thrikkakara-byelection

എറണാകുളം: പിടി തോമസിന്റെ വിയോഗത്തോടെ ഒഴിഞ്ഞുകിടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി പുറത്തുവന്നിരിക്കുകയാണ്. മണ്ഡലം രൂപീകരിച്ചതിന് ശേഷം കോൺഗ്രസിന് മാത്രം അവസരം നൽകിയിട്ടുള്ള ചരിത്രമാണുള്ളത്. ഇത്തവണ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സഹതാപ വോട്ട് കൊണ്ട് തൃക്കാക്കരയിൽ ജയിക്കാനാകില്ലെന്ന് തുറന്ന് പറയുകയാണ് കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ജയിക്കാൻ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെയാണ് കൊണ്ടുവരേണ്ടത്. സാമൂഹിക സമവാക്യങ്ങൾ നിലനിൽക്കുന്ന മണ്ഡലമാണ് തൃക്കാക്കര. ഇക്കാര്യങ്ങൾ പരിഗണിച്ചുവേണം സ്ഥാനാർത്ഥിയെ നിർണയിക്കാൻ. പരമ്പരാഗതമായി കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചുപോരുന്ന മണ്ഡലമാണെങ്കിലും ഉപതിരഞ്ഞെടുപ്പായതിനാൽ ഇത് ഉറപ്പിക്കാൻ സാധിക്കില്ല. ഉപതിരഞ്ഞെടുപ്പുകളിൽ നമുക്കറിയാൻ സാധിക്കാത്ത നിരവധി അടിയൊഴുക്കുകൾ ഉണ്ടാകും. ആരെയെങ്കിലും നിർത്താമെന്ന് വിചാരിച്ചാൽ തിരിച്ചടിയാകും. ത‌ൃക്കാക്കര പോലുള്ള നഗരമണ്ഡലത്തിൽ സഹതാപമല്ല മറിച്ച് രാഷ്ട്രീയത്തിനും നിലപാടുകൾക്കുമാണ് പ്രധാന്യം'- ഡൊമിനിക് വ്യക്തമാക്കി.

കെ വി തോമസ് വിഷയത്തിലും ഡൊമിനിക് പ്രസന്റേഷൻ നിലപാട് അറിയിച്ചു. ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് ഒരാൾ പിണങ്ങി മാറിനിന്നാൽ പോലും സാരമായി ബാധിക്കും. ആരെയും പിണക്കാതെ ഒരുമിച്ച് നിർത്തിയാൽ മാത്രമേ വിജയിക്കാനാവൂവെന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.