kempegowda-statue

ബംഗളൂരു: ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിരവധി പ്രമുഖരുടെ പ്രതിമകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമിക്കപ്പെട്ടത്. കർണ്ണാടകയിലെ കെംപെഗൗഡ വിമാവത്താവളത്തിൽ നിർമിച്ചുകൊണ്ടിരിക്കുന്ന കെംപെഗൗഡ രാജാവിന്റെ പ്രതിമയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിലെ പ്രശസ്തനായ രാജാവായിരുന്ന നാദപ്രഭു ഹിരിയ കെംപെഗൗഡയുടെ 108 അടി ഉയരത്തിലുള്ള പ്രതിമയുടെ നിർമാണം അവസാന ഘട്ടത്തിലാണ്.

ബംഗളൂരു നഗരത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് കെംപഗൗഡയെയാണ്. ഇദ്ദേഹത്തിന്റെ പേരിലുള്ള വിമാനത്താവളത്തിന്റെ പരിസരത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 23 ഏക്കറിലുള്ള പൈതൃക പാർക്കിലാണ് പ്രതിമ നിർമിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ വിമാനത്താവളത്തിന്റെ കേന്ദ്ര ബിന്ദുവായി ഈ പ്രതിമ മാറും.

ഈ പ്രതിമയിൽ സ്ഥാപിക്കാൻ പോകുന്ന 4000 കിലോഗ്രാം ഭാരം വരുന്ന വാൾ ഇന്നലെയാണ് ഇവിടെ എത്തിച്ചത്. ന്യൂഡൽഹിയിൽ നിന്ന് പ്രത്യേക ട്രക്കിലാണ് ഇത് ബംഗളൂരുവിലേക്ക് കൊണ്ടുവന്നത്. 35 അടിയാണ് (10.668 മീറ്റർ) വാളിന്റെ നീളം. കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ സ്വീകരിച്ച വാളിനെ പൂജാരിമാർ ശക്തിപൂജയും നടത്തി.

kempegowda-statue

പ്രതിമയ്ക്ക് ഏകദേശം 85 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത ശിൽപിയും പദ്മഭൂഷൺ ജേതാവുമായ രാം വഞ്ചി സുതാറാണ് ശിൽപം നിർമിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായ സർദാർ വല്ലഭായി പട്ടേലിന്റെ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി നിർമിച്ചതും ഇദ്ദേഹമാണ്.