
നോയിഡ: ഉത്തർപ്രദേശിൽ വിദ്യാർത്ഥിയെ കാർ ഇടിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. യുപിയിലെ ഗാൽ ഗോട്ടിയാസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ആയുഷ് (23) ആണ് കൊല്ലപ്പെട്ടത്.
കാറുകൾ തമ്മിൽ ഉരസിയതിനെ ചൊല്ലിയായിരുന്നു തർക്കം. സുഹൃത്തുക്കളായ അഞ്ചു വിദ്യാർത്ഥികൾ കാറിൽ താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം നടന്നത്. നോയിഡയിലെ ബീറ്റ് 2 പൊലീസ് സ്റ്റേഷൻ പരസിരത്തെത്തിയപ്പോഴേക്കും വിദ്യാർത്ഥികളുടെ വാഹനം മറ്റൊരു വാഹനവുമായി ഉരസി. തുടർന്ന് നടുറോഡിൽ വച്ച് തർക്കമുണ്ടായി.
പിന്നാലെ രണ്ടാമത്തെ സംഘം വിദ്യാർത്ഥികൾക്കിടിയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ആയുഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ബാക്കിയുള്ള നാലു പേരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
അതേസമയം, പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് നോയിഡ പൊലീസ് അറിയിച്ചു. സുഹൃത്തുക്കൾ അഞ്ചു പേരും യൂണിവേഴ്സിറ്റിക്ക് സമീപം ഒരുമിച്ചാണ് വാടകയ്‌ക്ക് താമസിച്ചിരുന്നത്.