vladimir-putin

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ക്യാൻസർ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്ന് റിപ്പോർട്ട്. ഒരു അമേരിക്കൻ മാദ്ധ്യമസ്ഥാപനമാണ് ഇത്തരത്തിലുള്ള വാർത്ത പുറത്തുവിട്ടത്.

എന്നാൽ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുടിൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഡോക്ടർമാർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മുൻ റഷ്യൻ ഫോറിൻ ഇന്റലിജൻസ് സർവീസ് ലഫ്റ്റനന്റ് ജനറലിന്റെ ഒരു ടെലിഗ്രാം ചാനലിൽ ഇത്തരത്തിലുള്ള ഒരു വാർത്ത വന്നതായാണ് മാദ്ധ്യമം വ്യക്തമാക്കുന്നത്. പുടിന്റെ അടുത്ത സുഹൃത്തും വിശ്വസ്തനുമായ റഷ്യൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവിന് അധികാരം കൈമാറിയ ശേഷമായിരിക്കും ചികിത്സയിൽ പ്രവേശിക്കുകയെന്നാണ് കരുതുന്നത്.

nikolai-patrushev-and-put

ശസ്ത്രക്രിയയും അതിനെത്തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ കുറച്ച് സമയം ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അടുത്തകാലത്തായി പുടിന്റെ രൂപത്തിലും പെരുമാറ്റത്തിലും അസാധരണമായ മാറ്റങ്ങൾ പ്രകടമായിരുന്നു. അദ്ദേഹത്തിന് പാർക്കിൻസൺസ്, കാൻസർ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള കിംവദന്തികൾ പ്രചരിക്കാൻ ഇത് കാരണമായി. മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് സ്ഥിതീകരിക്കാൻ കഴിയില്ലെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. റിപ്പോർട്ട് സ്ഥിരീകരിക്കാൻ തക്ക വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് കിർബി പറഞ്ഞത്.

കുറച്ച് ദിവസങ്ങൾ മുമ്പ് നിക്കോളായ് പത്രുഷേവുമായി പുടിൻ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ആരോഗ്യ സ്ഥിതി വഷളായാൽ രാജ്യത്തിന്റെ നിയന്ത്രണം താൽക്കാലികമായി പത്രുഷേവിന്റെ കൈകളിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.