sanju

അരുമാനൂർ: രണ്ട് പതിറ്റാണ്ടിലേറെയായി കൈവശമുള്ള സീറ്റ് നിലനിറുത്താൻ എൽ.ഡി.എഫും, കൈവിട്ട സീറ്റ് തിരിച്ചു പിടിക്കാൻ യു.ഡി.എഫും, കരുത്ത് തെളിയിക്കാൻ എൻ.ഡി.എയും ശക്തമായ പ്രചാരണ പരിപാടികളിലേക്ക് കടന്നതോടെ, ഈ മാസം 17ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പൂവാർ ഗ്രാമ പഞ്ചായത്തിലെ അരശുംമൂട് വാർഡിൽ വേനൽച്ചൂടിനെ വെല്ലുന്ന അങ്കച്ചൂട്.

മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ കെ.ബാഹുലേയന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന അരശുംമൂട് സീറ്റിലെ വിജയം മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമാണ്. അതിനാൽത്തന്നെ,1200ൽപ്പരം വോട്ടർമാരുള്ള വാർഡിലെ ഓരോ വോട്ടും കൈക്കലാക്കാൻ വീടുകൾ കയറിയുള്ള നെട്ടോട്ടത്തിനിടയിലും, അടിയൊഴുക്കുകളിലും അട്ടിമറികളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്ന് മുന്നണികളുടെയും പ്രചാരണ പ്രവർത്തനങ്ങൾ. എസ്.എഫ്.ഐയിലൂടെ പ്രവർത്തനം തുടങ്ങി ഡി.വൈ.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ എൻ.സഞ്ചുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.വാർഡിൽ കെ.ബാഹുലേയൻ നടത്തിവന്ന വൻ വികസന പ്രവർത്തനങ്ങൾ തുടരുന്നതിൽ സജീവ പങ്കാളിത്തം വഹിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ചു.സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ സഞ്ചുവിന് ഇത് കന്നിയങ്കം.

യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.ഷിനു ഡി.സി.സി ജനറൽ സെക്രട്ടറിയും, കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും,ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗവുമാണ്.വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഷിനുവായിരുന്നു യു.ഡി.എഫ് സ്ഥാനാ‌ർത്ഥി. ബ്ളോക്ക് പഞ്ചായത്ത് അംഗമെന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ഷിനുവിന്റെയും പ്രചാരണായുധം. സ്കൂൾ അദ്ധ്യാപികയും ബി.ജെ.പി പൂവാർ പഞ്ചായത്ത് സെക്രട്ടറിയുമായ ശ്രീരഞ്ജിനിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. നേരത്തേ,ബ്ലോക്ക് പഞ്ചായത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൈവരിച്ച മുന്നേറ്റത്തിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രാഷ്ട്രീയത്തിലുപരി,അടിയൊഴുക്കുകളാവും വിധി നിർണ്ണയിക്കുക.മേയ് 18നാണ് വോട്ടെണ്ണൽ.