lotus

വിരിഞ്ഞു നിൽക്കുന്ന താമര സുന്ദരമായ കാഴ്ച മാത്രമല്ല വരുമാന മാർഗം കൂടിയാണ്. കേരളത്തിലെ കാലാവസ്ഥയിൽ താമര കൃഷി ചെയ്യാൻ പറ്റിയ സമയമാണ് വേനൽക്കാലം. എന്നാൽ താമര ഏറ്റവും കൂടുതൽ പൂക്കുന്നത് മഴക്കാലത്താണ്. സാധാരണ പത്ത് രൂപ മുതൽ 50രൂപ വരെയാണ് വില. ചില സീസണിൽ 100രൂപ വരെ ലഭിക്കും. ഹൈബ്രിഡ് ഇനങ്ങൾക്കാണ് കൂടുതൽ വില ലഭിക്കുന്നത്. ഇനം മാറുന്നതിനനുസരിച്ച് പൂവിന്റെ വിലയിലും മാറ്റം സംഭവിക്കും.

വലിയ കുളങ്ങളിൽ മാത്രമല്ല നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന ഏത് സ്ഥലത്തും താമര വളർത്താവുന്നതാണ്. വീട്ടുമുറ്റത്ത് പ്ലാസ്റ്റിക് പാത്രങ്ങളിലും താമര വളർത്താം. മുമ്പ് താമര വീടുകളിൽ വളർത്തുന്നത് കുറവായിരുന്നെങ്കിലും ഇപ്പോൾ സജീവമാണ്. നല്ല ക്ഷമയുണ്ടെങ്കിൽ നിങ്ങൾക്കും വീട്ടുമുറ്റത്ത് താമര വളർത്താവുന്നതാണ്. ഹൈബ്രിഡ് താമരകളാണ് സാധാരണ വീടുകളിൽ വളർത്താറുള്ളത്.

seed

ഇനങ്ങൾ

കേരളത്തിൽ വികസിപ്പിച്ചെടുത്ത ഇനങ്ങളായ അഖില, വൈറ്റ് പഫ്, മിറക്കിൾ, ലിറ്റിൽ റെയ്ൻ, ആൽമണ്ട് സൺഷൈൻ. തായ്ലന്റ് ഇനങ്ങളായ സറ്റാ ബൊങ്കേറ്റ്, പീകോഫ് പിങ്ക്, ഗ്രീൻ ആപ്പിൾ. ജാപ്പനീസ് ഇനങ്ങളായ ഷിരോമൻ, വൈറ്റ് പിയോണി, യെല്ലോ പിയോണി, റാണി റെഡ് തുടങ്ങി നിരവധി ഇനങ്ങളാണ് സാധാരണ കേരളത്തിൽ കൃഷി ചെയ്തു വരുന്നത്. നന്നായി പൂക്കുന്നതും എല്ലാ മാസവും വിരിയുന്നതുമായ ഇനങ്ങളാണിവ.

കൃഷിരീതി

70ശതമാനം മണ്ണും 30ശതമാനം വെള്ളവും ചേർത്ത് കുഴച്ച് ചെളി പരുവത്തിലാക്കി അതിലാണ് താമരയുടെ കിഴങ്ങ് നടേണ്ടത്. നൈട്രേറ്റ് പൊട്ടാസിയം ഫോസ്ഫറസ് തുല്യ മിശ്രിതത്തിലെടുത്ത് ഒരു പേപ്പറിൽ പൊതിഞ്ഞ് ടബ്ബിലെ ചെളിയിലേയ്ക്ക് ഇടണം. ഒന്നര മാസത്തിലൊരിക്കൽ ഇത് ചെയ്താൽ ചെടിക്ക് ആവശ്യമായ വളമായി. വെള്ളത്തിൽ കൊതുക് മുട്ടയിടാൻ സാദ്ധ്യതയുണ്ട്. അതിനാൽ കുറച്ച് ഗപ്പി കുഞ്ഞുങ്ങളെ ടബ്ബിൽ ഇട്ടുകൊടുക്കുന്നത് നല്ലതാണ്. അന്തരീക്ഷത്തിലെ ചൂട് കൊണ്ട് വെള്ളം ആവിയായി പോകുകയാണെങ്കിൽ അതിനനുസരിച്ച് വീണ്ടും വെള്ളം ഒഴിച്ചുകൊടുക്കണം.

lotus

കീടബാധ

മറ്റ് ചെടികളെ അപേക്ഷിച്ച് കീടബാധ കുറഞ്ഞ സസ്യമാണ് താമര. ബ്യുവേറിയ ബാസിയാന എന്ന ജീവാണു ഉപയോഗിച്ചാൽ ശലഭവർഗത്തിലുള്ള പുഴുവിനെ നിയന്ത്രിക്കാൻ സഹായിക്കും.

വിപണി

താമര കൃഷിയിലൂടെ പതിനായിരങ്ങൾ മാസം സമ്പാദിക്കാൻ കഴിയും. കിഴങ്ങിന് 1000 മുതൽ 3000വരെയാണ് ലഭിക്കുക. തൈകൾക്ക് 5000രൂപ മുതൽ ആരംഭിക്കും. ഓരോ ഇനം അനുസരിച്ച് കിഴങ്ങിന്റെയും തൈകളുടെയും വില വ്യത്യസ്തമായിരിക്കും.

ഓൺലൈൻ

വിപണി ഓൺലൈനിലേയ്ക്കും കൂടി വ്യാപിപ്പിക്കുകയാണെങ്കിൽ വലിയ രീതിയിലുള്ള വരുമാനം നേടാൻ സഹായകമാകും. ഓൺലൈനിലൂടെ താമരയുടെ കിഴങ്ങുകളാണ് വിപണനം ചെയ്യേണ്ടത്. കിഴങ്ങ് കടലാസ് നനച്ച് പൊതിഞ്ഞ് ചെറിയ പെട്ടിയിലാക്കി അയച്ചുകൊടുത്താൽ 20ദിവസം വരെ കേടുകൂടാതെയിരിക്കും.