fast-food

ഷവർമ കഴിച്ച് മരണപ്പെട്ട ദേവനന്ദനയെന്ന പതിനാറുകാരിയുടെ വേർപാട് വേദനാജനകമാണ്. ന്യൂജെനറേഷൻ കുട്ടികളുടെ ഭക്ഷണശീലം കാലക്രമത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൽ ഉപരി പല സന്ദർഭങ്ങളിലും ഗുരുതര ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുമെന്ന് ഓർക്കുക. ഇന്നത്തെ കുട്ടികൾ പരമ്പരാഗത ഭക്ഷണരീതികൾ അവജ്ഞയോടെ തള്ളിക്കളയുന്നു. ഫാസ്റ്റ്ഫുഡിന് പിന്നാലെ പോകുന്ന ശീലം മാറ്റിയെടുക്കാൻ അവരെ പ്രാപ്തരാക്കേണ്ടത് അത്യാവശ്യമാണ്. മാംസാഹാരങ്ങൾ നന്നായി പാകപ്പെടുത്തി കഴിച്ചിരുന്നവരാണ് കേരളീയർ. അക്കാലത്ത് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നില്ല. മണത്തിനും രുചിക്കും നിറത്തിനും വേണ്ടി രാസവസ്തുക്കൾ ഭക്ഷണങ്ങളിൽ ചേർക്കുന്നത് രീതി ആധുനിക കാലത്തിന്റെ സംഭാവനയാണ്. വിഭവങ്ങൾക്ക് കടിച്ചാൽ പൊട്ടാത്ത പേരുകൾ നല്കി, സുഗന്ധത്തിന്റെയും കൃത്രിമ രുചിയുടെയും വലയത്തിൽപ്പെടുത്തി കുട്ടികളെയും യുവതലമുറയെയും രോഗികളാക്കുന്ന ഇന്നത്തെ ഭക്ഷണരീതിക്ക് മാറ്റം വരേണ്ടത് അനിവാര്യമാണ്.

ഡി.സുചിത്രൻ

ചിറയിൻകീഴ്