മലയാളികളുടെ മനസിൽ കർക്കശക്കാരന്റെ ഇമേജാണ് നടൻ മമ്മൂട്ടിക്കുള്ളത്. സ്ക്രീനിൽ അദ്ദേഹത്തിന്റെ പലതരം വേഷപ്പകർച്ചകൾ കണ്ടിട്ടുണ്ടെങ്കിലും പൊതുവേദികളിലെപ്പോഴും സീരിയസ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് കൂടുതൽ കാണാറുള്ളത്.
പല സഹതാരങ്ങളും ലൊക്കേഷൻ അനുഭവങ്ങൾ പങ്കിടുമ്പോൾ മമ്മൂക്ക അല്പം റഫാണ്, അല്ലെങ്കിൽ ലൊക്കേഷനിൽ സീരിയസാണ് എന്നൊക്കെ പറയുന്നത് പ്രേക്ഷകരും കേട്ടിട്ടുള്ളതാണ്. എന്നാൽ, അതിൽനിന്നും വ്യത്യസ്തമായി തമാശകൾ പറയുന്ന, പാട്ട് പാടുന്ന മമ്മൂട്ടിയെയാണ് സിബിഐ 5 ന്റെ ലൊക്കേഷനിൽ പലരും കണ്ടത്. സംവിധായകൻ കെ മധുവുമായുള്ള അഭിമുഖത്തിൽ നിന്ന്...
' ഞങ്ങളുടെ ലൊക്കേഷനിൽ ഞങ്ങൾ നല്ല എൻജോയ് ചെയ്താണ് ജോലി ചെയ്യുന്നത്. പരസ്പര ബഹുമാനമുണ്ട്. 2005 ലായിരുന്നു അവസാനമായി അദ്ദേഹത്തിനൊപ്പം ഞാൻ വർക്ക് ചെയ്തത്. 17 വർഷത്തിന് ശേഷമാണ് സിബിഐ 5 ചെയ്യുന്നത്. ഇതിനിടയ്‌ക്ക് സിനിമയിൽ മമ്മൂട്ടിയ്‌ക്കുണ്ടായ വളർച്ച, അദ്ദേഹത്തിന് പൊതുസമൂഹത്തിൽ നിന്ന് കിട്ടുന്ന അംഗീകാരം ഇതെല്ലാം വായിച്ചറിഞ്ഞ ആളാണ് ഞാനും.
ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തിന് എന്നെയും അറിയാം. ഒന്നിച്ച് ജോലി ചെയ്യാൻ വളരെ സുഖമാണ്. സേതുരാമയ്യരായി എത്തുമ്പോൾ കൈ കെട്ടാതെ നിന്നാൽ ഞാൻ ആശാനേന്ന് വിളിക്കും. അപ്പോഴേക്കും ഇത് വലിയ കഷ്ടമാണല്ലോ, പ്രൈമറി പിള്ളേരെ പോലെ കൈ കെട്ടിക്കുന്നത് എന്ന് അദ്ദേഹം തിരിച്ച് പറയും. ഇത് ആരുണ്ടാക്കി തന്നതാന്ന് ഞാനും ചോദിക്കും.
പരസ്പരമുള്ള ബഹുമാനമാണ് ഞങ്ങൾക്കിടയിലുള്ളത്. മമ്മൂട്ടിയായാലും മോഹൻലാൽ ആയാലും അവരെ കഥ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി കൊടുത്താൽ ഒരു പ്രശ്‌നവുമില്ല. അതിന് പറ്റാതെ വരുമ്പോഴാണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത്. എത്രയോ സിനിമകൾ ചെയ്തതാണ് ഇരുവരും. അവർക്ക് സിനിമയെ കുറിച്ചറിയാം. "
