modi

കോപ്പൻഹേഗൻ : യൂറോപ്പ് സന്ദർശനത്തിന്റെ രണ്ടാം ദിവസം ഡെൻമാർക്കിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇന്ത്യൻ പ്രധാനമന്ത്രിയുമായി വിമാനം കോപ്പൻഹേഗനിൽ ഇറങ്ങിയപ്പോൾ സ്വീകരിക്കാൻ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ നേരിട്ട് വിമാനത്താവളത്തിലെത്തി. ഡെൻമാർക്കിൽ ഇറങ്ങിയ ശേഷം മോദി ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചു. ഇന്ത്യ ഡെൻമാർക്ക് ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഈ സന്ദർശനം ഏറെ സഹായിക്കുമെന്ന സന്ദേശവും അദ്ദേഹം പങ്കുവച്ചു.

ജർമ്മനിയിലെ സന്ദർശനത്തിന് ശേഷമാണ് മോദി ഡെൻമാർക്കിലെത്തിയത്. ഇന്ന് ഡെൻമാർക്കിൽ തങ്ങുന്ന അദ്ദേഹം നാളെ ഫ്രാൻസിലെത്തും. തലസ്ഥാന നഗരമായ കോപ്പൻഹേഗൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഡെൻമാർക്കിലെ മാർഗരേത്ത് രാജ്ഞിയെ കാണും. ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ രണ്ടാം പതിപ്പിൽ പങ്കെടുക്കുന്നതിനു പുറമേ, മോദി ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിലും പങ്കെടുക്കും. തുടർന്ന് യൂറോപ്യൻ രാഷ്ട്രത്തിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഏകദേശം 16,000 ഇന്ത്യൻ വംശജർ ഡെൻമാർക്കിൽ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം, നവീകരണം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ നോർഡിക് രാജ്യങ്ങളായ ഐസ്ലാൻഡ്, നോർവേ, ഡെൻമാർക്ക്, സ്വീഡൻ, ഫിൻലാൻഡ് എന്നിവയുമായി സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട് . ഈ മേഖലയുമായുള്ള രാജ്യത്തിന്റെ വ്യാപാരം 5 ബില്യൺ യുഎസ് ഡോളറാണെന്ന് സർക്കാർ നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 200ലധികം ഡാനിഷ് കമ്പനികൾ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ട്.
ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.