online-kissing

ഓൺലൈൻ ലോകത്ത് ഉമ്മ വയ്ക്കാനും ആ അനുഭൂതി കൃത്യമായി ചുണ്ടുകളിൽ അനുഭവിക്കാനും പുതിയ വഴി കണ്ടെത്തി ശാസ്ത്രജ്ഞർ. വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റിൽ അൾട്രാ സോണിക് ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാൻസ്ഡ്യൂസറുകൾ ഘടിപ്പിച്ചാണ് ചുംബനത്തിന്റെ അനുഭൂതി ചുണ്ടുകളിലും വായ് ഭാഗത്തും എത്തിക്കുന്നത്.

വെർച്വൽ റിയാലിറ്റി ഉപയോഗിക്കുന്നവർക്ക് ആവേശം പകരുന്നതാണ് പുതിയ കണ്ടുപിടിത്തം. എന്നാൽ ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ടെക്ക് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടില്ല. ചില ഗെയിമുകളിൽ ഉപയോഗിക്കുന്ന മെച്ചപ്പെടുത്തിയ വിദ്യ എന്ന തരത്തിലാണ് ഇത് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ചിലന്തികളുള്ള ഒരു ഗെയിം സീനിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ വിദ്യ പരീക്ഷിച്ച ടെസ്റ്റർമാർക്ക് അവരുടെ ചുണ്ടിൽ വികാരങ്ങൾ അനുഭവപ്പെട്ടെന്ന് വ്യക്തമാക്കി. ചിലന്തി വലകളുള്ള ഭാഗത്ത്കൂടി നടക്കുമ്പോൾ ചില പ്രാണികൾ അവരുടെ മുഖത്തേക്ക് വീണതായും അത് തങ്ങളുടെ ചുണ്ടുകളിലൂടെ ഇഴഞ്ഞതായും അനുഭവപ്പെട്ടു. കപ്പിൽ നിന്ന് കാപ്പി കുടിക്കുക, പല്ല് തേക്കുക, സിഗരറ്റ് വലിക്കുക പോലെയുള്ള അനുഭൂതികളും കൃത്യമായി ചുണ്ടുകളിൽ ലഭിച്ചതായി അവർ പറഞ്ഞു.

online-kissing

യഥാർത്ഥ ജീവിതത്തിൽ നമ്മുടെ ചുണ്ടുകളുടെയും വായ് ഭാഗത്തിന്റെ ചുറ്റുമൊക്കെയുണ്ടാകുന്ന ചലനങ്ങളും വൈബ്രേഷനുകളും കൃത്യമായി അനുകരിക്കാൻ ഈ ട്രാൻസ്ഡ്യൂസറുകൾക്ക് സാധിക്കും. ഹാപ്ടിക്സ് (സ്പർശനം ഉപയോഗിച്ച് വിവരങ്ങൾ കൈമാറുന്ന വിദ്യ) വിർച്വൽ റിയാലിറ്റിയിലെ യാഥാർത്ഥ്യ അനുഭൂതി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അവ ഉപയോക്താക്കളുടെ പ്രതികരണങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും കാർണഗീ മെലോൺ സർവകലാശാലയിലെ ഗവേഷകർ പറഞ്ഞു.

ഹാപ്ടിക് ഇഫക്ടുകളുടെ ഒരു ശ്രേണി തയ്യാറാക്കിയിട്ടുണ്ടെങ്കിലും അവ ഇപ്പോഴും പരിമിതമാണെന്നും സംവേദനങ്ങളുടെ പട്ടിക ഇനിയും മെച്ചപ്പെടുത്താനുണ്ടെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു. മിക്ക ഫോണുകളിലെയും വൈബ്രേഷൻ മോട്ടോറുകളോട് ഏകദേശം താരതമ്യപ്പെടുത്താവുന്നതാണ് ഇവയും. എന്നാൽ ഇത് ശബ്ദതരംഗങ്ങളുടെ സഹായത്തോടെ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നത്.

വെർച്വൽ റിയാലിറ്റി, ഓഗ്മെന്റ‌ഡ് റിയാലിറ്റി എന്നീ സിസ്റ്റങ്ങളിൽ കൂടുതൽ യാഥാസ്ഥിതിക അനുഭൂതികൾ കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും അതിനായി കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.