
കൊച്ചി: അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃയോഗത്തിൽ ധാരണയായി. ഹൈക്കമാൻഡിന് നൽകിയ പട്ടികയിൽ ഉമ തോമസിന്റെ പേര് മാത്രമാണുള്ളത്. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെ പ്രഖ്യാപനമുണ്ടായേക്കും.
ഒറ്റക്കെട്ടായ തീരുമാനമാണെന്നും സ്ഥാനാർത്ഥി നിർണയത്തിൽ പിടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ഇന്ന് തന്നെ ഡൽഹിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഒരു തീരുമാനമെടുക്കുമ്പോൾ കുടുംബത്തിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അതെല്ലാം പരിഹരിച്ചു കഴിഞ്ഞു. സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കെ റെയിൽ പ്രചാരണ വിഷയമാക്കും. വിനാശമല്ല മറിച്ച് വികസനമാണ് വേണ്ടതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം, ഒറ്റപ്പേരിൽ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കി. ലിസ്റ്റ് ഹൈക്കമാൻഡിന് കൈമാറിക്കഴിഞ്ഞു. പാർട്ടിയ്ക്ക് ഗുണകരമായ തീരുമാനം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിഡി സതീശൻ, കെ സുധാകരൻ, ഉമ്മൻ ചാണ്ടി, എംഎം ഹസൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമായത്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.