
ന്യൂഡൽഹി: നേപ്പാളിലെ കാഠ്‌മണ്ഡുവിൽ സുഹൃത്തിനൊപ്പം പബ്ബിൽ ആഘോഷിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ ബിജെപി പുറത്തുവിട്ടതിന് പിന്നാലെ ചുട്ടമറുപടിയുമായി കോൺഗ്രസ്. ബിജെപി നേതാവും രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ ഒരു പാർട്ടിയിൽ ഷാമ്പെയ്‌ൻ കുപ്പി കുലുക്കി തുറക്കുന്നതിന്റെ ചിത്രമാണ് യൂത്ത് കോൺഗ്രസ് ദേശീയാദ്ധ്യക്ഷൻ ബി.വി ശ്രീനിവാസ് പുറത്തുവിട്ടത്. ആരാണെന്ന് മനസ്സിലായോ എന്ന തലക്കെട്ടോടെയാണ് ട്വിറ്ററിൽ അദ്ദേഹം ചിത്രം പോസ്‌റ്റ് ചെയ്‌തത്.
पहचान कौन? pic.twitter.com/2npLORr5yQ— Srinivas BV (@srinivasiyc) May 3, 2022
രാഹുൽ ഗാന്ധിയുടെ ചിത്രവും വീഡിയോയും വൈറലായതോടെ രാജസ്ഥാനിൽ വർഗീയ സംഘർഷത്തിനിടെ പാർട്ടി നേതാവ് എവിടെയെന്ന് ബിജെപി നേതാക്കൾ കോൺഗ്രസിനോട് ചോദിച്ചിരുന്നു. ഡൽഹിയിലടക്കം കലാപം നടന്നപ്പോഴും പാർട്ടിയിൽ അസ്വാരസ്യമുളളപ്പോഴും രാഹുൽ പാർട്ടിയിലാണെന്നാണ് പല ബിജെപി നേതാക്കളും പറയുന്നത്. 'മുംബയിൽ പ്രശ്‌നമുണ്ടായപ്പോൾ രാഹുൽ ഗാന്ധി നിശാക്ളബിലായിരുന്നു. പാർട്ടിയിൽ പൊട്ടിത്തെറികളുണ്ടാകുമ്പോൾ അദ്ദേഹം നിശാക്ളബിലായിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം സ്ഥിരചിത്തനാണ്.' ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു.
साहब https://t.co/C8gKv9zVLS pic.twitter.com/VgbBc8rOhi— Tajinder Pal Singh Bagga (@TajinderBagga) May 3, 2022
സുഹൃത്തിന്റെ വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ സൗഹൃദ രാഷ്‌ട്രത്തിൽ പോകുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് ഉടൻ തിരിച്ചടിച്ചു. നവാസ് ഷെരീഫിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി പാകിസ്ഥാനിൽ പോയത്ര പ്രശ്‌നം സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രാഹുൽ നേപ്പാളിൽ പോയതിനില്ലെന്നാണ് കോൺഗ്രസ് വാദം. മോദിയുടെ ജർമ്മനി സന്ദർശനത്തെ കോൺഗ്രസ് വിമർശിച്ച് മണിക്കൂറുകൾക്കകമാണ് നേപ്പാളിൽ പബ്ബിൽ പോയ രാഹുലിന്റെ വീഡിയോ വൈറലായത്.