crime

കോഴിക്കോട്: കള്ളക്കടത്ത് സ്വർണ്ണം കൈമാറാതിരുന്നതിനെ തുടർന്ന് കാരിയറെ ഏർപ്പാടാക്കിയവരെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ക്വട്ടേഷൻ സംഘം ബംഗളൂരുവിൽ പിടിയിലായി. കഴിഞ്ഞമാസം 27ന് ദുബായിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂരിലെത്തിയ വയനാട് സ്വദേശിയായ അബ്ദുൾ നിസാർ വിമാനത്താവളത്തിന് പുറത്തെത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. അബ്ദുൾ നിസാറിനെ സ്വർണ്ണക്കടത്തിന് ഏർപ്പാടാക്കിക്കൊടുത്ത പേരാമ്പ്ര സ്വദേശി വെള്ളിയൂർ പൊറോളി വീട്ടിൽ മുഹമ്മദ് ഷഹീറിനെയും മായനാട് സ്വദേശി തയ്യിൽത്താഴം വീട്ടിൽ ഫാസിലിനെയും ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. അബ്ദുൾ നിസാറിൽ നിന്ന് സ്വർണ്ണം വീണ്ടെടുത്ത് നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഈങ്ങാപ്പുഴയ്ക്കടുത്ത് അജ്ഞാത കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തു.

മലപ്പുറം തയ്യിലക്കടവ് ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് സമീർ ( 31), തയ്യിലക്കടവ് പൂനാടത്തിൽ വീട്ടിൽ ജയരാജൻ (51), കടലുണ്ടി ആണ്ടിശേരി തൊടിപുഴക്കൽ വീട്ടിൽ രതീഷ് (32), ഇവർക്ക് വാഹനം എത്തിച്ചുകൊടുത്ത തയ്യിലക്കടവ് ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് റൗഫ് എന്നിവരെയാണ് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ. സുദർശൻലാലിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കാണാതായവരുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും സംഘം മൈസൂരിലേക്കും പിന്നീട് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. ബംഗളൂരുവിലെ ലോഡ്ജിൽ നിന്നാണ് തടവിലായവർക്കൊപ്പം ക്വട്ടേഷൻ സംഘം പിടിയിലായത്.