കവിത

നമുക്കായ്

മിനി ഗോപിനാഥ്

evening

ഉൾത്തടാകങ്ങളിൽ
വർണ്ണങ്ങൾ
വാരിവിതറുവാൻ
പുഞ്ചിരിച്ചിറകുമായ്
അരികിലെത്തുന്ന സന്ധ്യ.

കുങ്കുമം പൊഴിയും
ചുംബനലഹരിയിൽ
ഊർന്നുവീഴുന്ന
പൂനിലാപ്പുടവകൾ.

രാത്രിമഴക്കാറ്റിന്റെ
ചെറുകിലുക്കങ്ങളിൽ
ഹൃദയത്തിന്നറകൾ
താനേ തുറക്കുമ്പോൾ
തേനൂറും പുഷ്പമായ്
മെല്ലെ വിടരുന്ന മൂവന്തി.

നിറമാരി പെയ്യും
വസന്തതീരങ്ങളിൽ
ചാഞ്ഞുലഞ്ഞാടുവാനായ്
അണയുന്ന സന്ധ്യയിൽ
പുനർജനിമന്ത്രങ്ങൾ.


മന്ദസ്മിതം തൂകി മൊഴിയുന്ന
പ്രണയവാഹിനികൾ:
ഇതു നാം നമുക്കായ്
രചിക്കുന്ന പ്രപഞ്ചകാവ്യം!