uma

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്തരിച്ച എംഎൽഎ പി.ടി തോമസിന്റെ ഭാര്യയായ ഉമ തോമസ് തന്നെ. കെപിസിസി തീരുമാനം കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അംഗീകരിച്ചു. സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിച്ച കോൺഗ്രസ് ഹൈക്കമാന്റിന് നന്ദിയുണ്ടെന്ന് ഉമ തോമസ് പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിനും നന്ദി. എതിരാളി ആരായാലും രാഷ്‌ട്രീയമായി നേരിടും. പി.ടി ഉയർത്തിപ്പിടിച്ച നിലപാടുകൾ പിന്തുടരുമെന്ന് ഉമ തോമസ് പറഞ്ഞു.

തൃക്കാക്കരയിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഡൊമിനിക് പ്രസന്റെഷൻ തന്നെ ഒരിക്കലും തള‌ളിക്കളയില്ല. അദ്ദേഹം പി.ടിയുടെ അടുത്ത സുഹൃത്താണ്. സിൽവർ ലൈനിനെതിരായ വിധിയെഴുത്താകും തൃക്കാക്കരയിൽ. 100 സീറ്റ് തികയ്‌ക്കും എന്ന എൽഡിഎഫ് പ്രചരണം ഉമ തള‌ളി. എൽഡിഫിനെ 99ൽ തന്നെ നിർത്തുമെന്നും ഉമ പ്രതികരിച്ചു.

ഒറ്റക്കെട്ടായ തീരുമാനമാണെന്നും സ്ഥാനാർത്ഥി നിർണയത്തിൽ പിടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്നും സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ഒരു തീരുമാനമെടുക്കുമ്പോൾ കുടുംബത്തിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അതെല്ലാം പരിഹരിച്ചു കഴിഞ്ഞു. സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കെ റെയിൽ പ്രചാരണ വിഷയമാക്കും. വിനാശമല്ല മറിച്ച് വികസനമാണ് വേണ്ടതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം, ഒറ്റപ്പേരിൽ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കി. പാർട്ടിയ്ക്ക് ഗുണകരമായ തീരുമാനം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വിഡി സതീശൻ, കെ സുധാകരൻ, ഉമ്മൻ ചാണ്ടി, എംഎം ഹസൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമായത്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.