
കൽപ്പറ്റ: വയനാട്ടിൽ ആസ്പിരേഷണൽ ഡിഡ്ട്രിക്ട് പ്രോഗ്രാമിൽ പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ നിസ്സഹകരിക്കുന്നുണ്ടോയെന്ന് ഇവിടത്തെ എം.പി എന്ന നിലയിൽ രാഹുൽഗാന്ധിയോട് ചോദിക്കണമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ആസ്പിരേഷണൽ പ്രോഗ്രാം അവലോകനത്തിനുശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പിന്നാക്ക ജില്ലകളെ വികസിത ജില്ലകളുടെ നിലവാരത്തിലേക്ക് ഘട്ടംഘട്ടമായി ഉയർത്തുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചതാണ് ആസ്പിരേഷണൽ പ്രോഗ്രാം. സംസ്ഥാനത്ത് ഇതിൽ ഉൾപ്പെടുത്തിയ ഏക ജില്ലയാണ് വയനാട്. ജില്ലയെ ഉൾപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ തുടക്കത്തിൽ താത്പര്യം കാണിച്ചിരുന്നില്ല. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര ലഭ്യത, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ പദ്ധതികൾ പ്രാവർത്തികമാക്കി ജില്ലയുടെ അവികസിതാവസ്ഥയ്ക്കു പരിഹാരം കാണുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.
അവലോകനത്തിനുശേഷം രണ്ട് പട്ടികവർഗ ഊരുകൾ സന്ദർശിച്ചിരുന്നു. ഭൂമി, വാസയോഗ്യമായ വീട്, വൈദ്യുതി, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചാണ് ആദിവാസികൾ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ കളക്ടർ പങ്കെടുക്കാത്തതിൽ മന്ത്രി നീരസം പ്രകടിപ്പിച്ചു.