uma-thomas

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ഒരു നേതാവുമായും കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നല്ലെന്ന് എറണാകുളം ഡി സി സി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ. ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുരളീധരൻ സ്ഥാനാർത്ഥി നിർണയത്തിലുള്ള തന്റെ എതിർപ്പ് പരസ്യമാക്കിയത്. അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ കുടുംബത്തെ പാർട്ടി സഹായിക്കേണ്ടത് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയല്ലെന്നും സജീവ പാർട്ടി പ്രവർത്തകർക്ക് അവകാശപ്പെട്ടതാണ് സ്ഥാനാർത്തിത്വമെന്നും മുരളീധരൻ വ്യക്തമാക്കി.
ഈ രീതിയിൽ കോൺഗ്രസ്സിൽ തുടരാനില്ലെന്നും പാർട്ടി വിടുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും പാർട്ടി ഭാരവാഹിയായി തുടരാൻ താത്പര്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ എം എൽ എയായിരുന്ന പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിനുള്ള കെ പി സി സിയുടെ നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നു. ഒറ്റക്കെട്ടായ തീരുമാനമാണെന്നും സ്ഥാനാർത്ഥി നിർണയത്തിൽ പിടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്നും സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ഒരു തീരുമാനമെടുക്കുമ്പോൾ കുടുംബത്തിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അതെല്ലാം പരിഹരിച്ചു കഴിഞ്ഞു. സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കെ റെയിൽ പ്രചാരണ വിഷയമാക്കും. വിനാശമല്ല മറിച്ച് വികസനമാണ് വേണ്ടതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

വിഡി സതീശൻ, കെ സുധാകരൻ, ഉമ്മൻ ചാണ്ടി, എംഎം ഹസൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമായത്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.