
ഷാർജ: പി സി ജോർജ് നടത്തിയ പ്രസ്‌താവനയ്‌ക്ക് പരോക്ഷമായ മറുപടിയുമായി വ്യവസായി എം.എ യൂസഫലി. തന്നെക്കുറിച്ച് പറയുന്നതിലെ സത്യം തിരിച്ചറിയാൻ മലയാളിയ്‌ക്ക് കഴിവുണ്ട്. കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുളളവരാണ് മലയാളികൾ. പ്രസ്‌താവന പി.സി ജോർജ് തിരുത്തിയ സ്ഥിതിയ്‌ക്ക് ഇനി ആ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും എം.എ യൂസഫലി ഷാർജയിൽ അറിയിച്ചു. 'നിങ്ങൾ പ്രതികരിക്കുന്നത് എത്രത്തോളം കുറയ്‌ക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം സമാധാനപരമായിരിക്കും' എന്ന ബുദ്ധവചനമാണ് യൂസഫലി പറഞ്ഞത്.
യമനിലെ ജയിലിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി അറിയിച്ച യൂസഫലി എല്ലാ അർത്ഥത്തിലും തന്റെയും ശ്രമം അതിനായുണ്ടാകുമെന്നും പ്രതികരിച്ചു. മുൻപ് യൂസഫലിയുടെ കാര്യത്തിൽ തന്റെ മനസിലുളള കാര്യം പ്രസംഗിച്ചപ്പോൾ മാറിപ്പോയെന്നാണ് പി.സി ജോർജ് വിഷയത്തിൽ മുൻപ് അറിയിച്ചത്. യൂസഫലി ഒരു മാന്യനാണ് പക്ഷെ മാൾ തുടങ്ങിയാൽ ചെറുകിടക്കാർ പട്ടിണിയിലാകും അതുകൊണ്ടാണ് യൂസഫലിയുടെ സ്ഥാപനത്തിൽ കയറരുതെന്ന് പറഞ്ഞത് എന്നായിരുന്നു ജോർജിന്റെ പ്രതികരണം.