
കൊൽക്കത്ത: നെരോക്ക എഫ് സിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് ഗോകുലം കേരള എഫ് സി ഐ ലീഗിലെ തങ്ങളുടെ തേരോട്ടം തുടരുന്നു. കോഴിക്കോടുകാരനായ താഹിർ സമാൻ രണ്ടു ഗോളുകൾ നേടിയപ്പോൾ ജമൈക്കൻ താരം ഫ്‌ളെച്ചറൂം മലയാളിതാരം ശ്രീകുട്ടനും ഗോകുലത്തിന്റെ ഗോളുകൾ നേടി.
ജയം അനുവാര്യമായിരുന്ന മത്സരത്തിൽ കരുതലോടെയായിരുന്നു ഇരു ടീമുകളും കളിച്ചത്. കളിയുടെ ഗതിക്ക് വിപരീതമായി ഗോകുലമാണ് മത്സരത്തിലെ ആദ്യ ഗോൾ നേടുന്നത്.
നെരോക്ക പ്രതിരോധ താരത്തിന്റെ പിഴവിൽ നിന്ന് പന്ത് സ്വന്തമാക്കിയ താഹിർ സമാൻ 19ാം മിനിട്ടിൽ ഗോകുലത്തിന് വേണ്ടി ലീഡ് നേടുകയായിരുന്നു. ഒരു ഗോൾ വീണതോടെ നെരോക്ക അക്രമണം ശക്തമാക്കി. ഗോകുലം പോസ്റ്റ് ലക്ഷ്യമാക്കി നിരവധി തവണ നെരോക്ക മന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോകുലം പ്രതിരോധവും ഗോൾകീപ്പർ ധകറും ശക്തമായി നിലയുറപ്പിച്ചു.
പിന്നീട് ഗോൾ നേടാൻ ഗോകുലത്തിന് നിരവധി സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും അവസരം മുതലാക്കാൻ കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് ഗോകുലം സ്വന്തമാക്കി. ആത്മവിശ്വാസം വീണ്ടെടുത്ത മലബാറിയൻസ് മൂന്ന് ഗോളുകളാണ് രണ്ടാം പകുതിയിൽ നേടിയത്. 48ാം മിനിട്ടിൽ താഹിർ സമാൻ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. 52 മിനിട്ടിൽ ഫ്ളച്ചർ ഗോകുലത്തിന്റെ ലീഡ് മൂന്നായി ഉയർത്തി.
മത്സരം അവസാനിക്കാനിരിക്കെ നെരോക്കയുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ച് നാലാം ഗോൾ ശ്രീക്കുട്ടൻ നേടി. 93ാം മിനിട്ടിലായിരുന്നു ശ്രീക്കുട്ടന്റെ ഗോൾ.
15 മത്സരത്തിൽ നിന്ന് 37 പോയിന്റുള്ള ഗോകുലം പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻസുമായി ആറു പോയിന്റ് വ്യത്യാസമാണ് നിലവിൽ ഗോകുലത്തിനുള്ളത്. ലീഗിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുള്ള ഗോകുലത്തിന് ഇതിൽ നിന്ന് നാല് പോയിന്റ് കൂടി സ്വന്തമാക്കിയാൽ കിരീടം നിലനിർത്താൻ സാധിക്കും.