
ഇടുക്കി: കെ വി തോമസ് തനിക്കെതിരെ പ്രവർത്തിക്കില്ലെന്ന് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസ്. കെ വി തോമസ് പി ടിയെ എന്നും ചേർത്തു പിടിച്ച നേതാവാണെന്നും അദ്ദേഹത്തെ നേരിട്ട് കണ്ട് അനുഗ്രഹം തേടുമെന്നും അവർ വ്യക്തമാക്കി.
'മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല. കുടുംബങ്ങൾ തമ്മിലുള്ള ബന്ധം അത്രയ്‌ക്കുണ്ട്. മാഷിനെ നേരിട്ട് പോയി കാണും. ഇന്നലെ ഞാൻ വിളിച്ചിരുന്നു. മാഷിനോട് സംസാരിക്കാൻ പറ്റിയില്ല, ചേച്ചി എന്നോട് സംസാരിച്ചു. ഞങ്ങളുടെ അനുഗ്രഹമുണ്ടാകുമെന്ന് പ്രത്യേകം പറഞ്ഞു. ചേർത്തുപിടിച്ചിട്ടേയുള്ളൂ അവർ.'- പിടിയുടെ ജന്മനാടായ ഉപ്പുതോട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ തോമസ്.
ഇന്നലെ രാത്രിയാണ് ഉമ തോമസ് ഉപ്പുതോട്ടിലെത്തിയത്. പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം തൃക്കാക്കരയിലേക്ക് മടങ്ങിയേക്കും. കഴിഞ്ഞ ദിവസങ്ങളിൽ തൃക്കാക്കരയിൽ പൊതുപരിപാടികളിൽ സജീവമായിരുന്ന ഉമ തോമസ്, സ്ഥാനാർത്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നു.
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കെ പി സി സി അതിവേഗം ഉമ തോമസിന്റെ പേര് ഹൈക്കമാൻഡിനു ശുപാർശ ചെയ്‌തു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരം ലഭിച്ചതോടെ, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ഇന്നലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.