jodhpur-violence

ജയ‌്പൂർ: രാജസ്ഥാനിലെ ജോധ്പുരിൽ ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 97 പേരെ അറസ്റ്റ് ചെയ്‌തു. പ്രദേശത്ത് പ്രഖ്യാപിച്ചിരുന്ന കർഫ്യൂ ഇപ്പോഴും തുടരുകയാണ്. ജോധ്പുരിലെ ഇന്റർനെറ്റ് സേവനം നേരത്തേ വിഛേദിച്ചിരുന്നു.

ഉദയ് മന്ദിർ, നാഗോരി ഗേറ്റ്, ഖണ്ഡ ഫൽസ, പ്രതാപ് നഗർ, ദേവ് നഗർ, സൂർ സാഗർ, സർദാർപുര ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജലോറി ഗേറ്റ് മേഖലയിൽ പതാക ഉയർത്തുന്നതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാഗ്വാദങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.

പെരുന്നാളിനോടനുബന്ധിച്ച് ചില പ്രവർത്തകർ ഈദ് പതാകകൾ ഈ മേഖലയിൽ സ്ഥാപിച്ചു. സ്വാതന്ത്ര്യ സമര സേനാനി ബൽമുകുന്ദ് ബിസയുടെ പ്രതിമയ്‌ക്ക് സമീപവും ഇവർ പതാക സ്ഥാപിച്ചിരുന്നു. ഇതിനിടെ പരശുരാമ ജയന്തിക്ക് മുന്നോടിയായി വച്ചിരുന്ന കാവി പതാക കാണാതായെന്ന് ചിലർ ആരോപണം ഉയർത്തി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.

ജനങ്ങളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. തുടർന്ന് ജനക്കൂട്ടം പൊലീസിന്റെ ഔട്ട്‌പോസ്റ്റ് ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ നാലു പൊലീസുകാർക്കും പരിക്കേറ്റിരുന്നു.

അതേസമയം, നിർഭാഗ്യകരമായ സംഭവമാണ് ജോധ്പുരിൽ നടന്നതെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഭ്യർത്ഥിച്ചു. ഏവരും സ്‌നേഹത്തിലും സാഹോദര്യത്തിലും കഴിയണമെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ഗെഹ്‌ലോട്ട് ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ പാർട്ടികൾക്കതീതമായി ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയ്‌ക്കൊപ്പം ഈദ് പതാക സ്ഥാപിച്ചതിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ജോധ്പൂരിലെ ബിജെപി എം.എൽ.എ സൂര്യകാന്ത വ്യാസ് രംഗത്തെത്തി. 'അവർ ബിസ ജിയുടെ പ്രതിമയിൽ പതാക സ്ഥാപിച്ചു. ഇതിൽ ഞങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്. ഞങ്ങൾ ഇത് മറക്കില്ല'- എം.എൽ.എ പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനിയയും വിഷയത്തിൽ അമർഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയിൽ സാമൂഹിക വിരുദ്ധർ ഇസ്‌ലാമിക പതാക സ്ഥാപിക്കുന്നതും പരശുരാമ ജയന്തി ദിനത്തിൽ സ്ഥാപിച്ച കാവി പതാക നീക്കം ചെയ്തതും അപലപനീയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

വിഷയം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. എല്ലാ മതപരമായ ആഘോഷങ്ങളും സമാധാനപരമായി നടക്കുമെന്ന് സുരക്ഷാ സേന ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോധ്പൂരിൽ നടന്ന ആക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ സമുദായങ്ങളോടും അദ്ദേഹം അഭ്യർത്ഥനയും നടത്തി.