
നീണ്ട ഇടവേളയ്ക്കു ശേഷം താരസംഘടനയായ 'അമ്മ'യുടെ വേദിയിലേയ്ക്ക് നടൻ സുരേഷ് ഗോപി എത്തിയത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ആരോഗ്യ പരിശോധനാ ക്യാമ്പും അംഗങ്ങളുടെ ഒത്തുചേരലും ചേർന്ന 'ഉണര്‍വ്വ്' എന്ന പരിപാടിയുടെ മുഖ്യാതിഥിയായിട്ടായിരുന്നു താരം എത്തിയത്. സഹപ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ചാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.
'അമ്മ'യിലേയ്ക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെക്കുറിച്ച് മനസ് തുറക്കുകയാണ് നടൻ ടിനി ടോം. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയവരിൽ പ്രധാനിയാണ് ടിനി ടോം.

മുൻപ് ഒരു ഗൾഫ് പരിപാടിയുമായി ബന്ധപ്പെട്ട തർക്കത്തിനു ശേഷമാണ് സുരേഷ് ഗോപി 'അമ്മ'യുടെ വേദികളിൽ നിന്നും ഇത്രയും കാലം വിട്ടുനിന്നത്. പുറത്ത് ഒരു പ്രോഗ്രാമിന് പോയപ്പോൾ അദ്ദേഹത്തെ കമ്മിറ്റി ശിക്ഷിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നപ്പോൾ പോലും കടം മേടിച്ച് അദ്ദേഹം തുക തിരിച്ചടച്ചുവെന്ന് ടിനി ടോം പറഞ്ഞു.
'സുരേഷ് ഗോപി ചോദിച്ചതെല്ലാം ശരികളായിട്ട് മാത്രമാണ് ഇപ്പോഴത്തെ കമ്മിറ്റിയ്ക്ക് തോന്നിയത്. അത് കൊണ്ടാണ് തിരുത്തിയത്. കാവ്യ നീതി നടപ്പിലായി. കുടുംബമാകുമ്പോൾ പിണക്കങ്ങൾ ഉണ്ടാകും. അതൊക്കെ തീർത്ത് അദ്ദേഹം തിരിച്ചു വന്നതിൽ സന്തോഷമുണ്ട്. തിരിച്ചുവരവിന് കാരണമാകാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. അദ്ദേഹം ഇനിയും 'അമ്മ'യ്ക്കായി പലകാര്യങ്ങളും ചെയ്യും. എന്നാൽ അതിനൊന്നും രാഷ്ട്രീയ നിറം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ നന്മയുടെ രാഷ്ട്രീയം എല്ലാവരും അംഗീകരിക്കും. 'അമ്മ'യുടെ ഒരു മകൻ എന്ന നിലയിൽ അദ്ദേഹം ഒരു മുതൽക്കൂട്ടായിരിക്കും.

മമ്മൂട്ടി, മോഹൻലാൽ , സുരേഷ് ഗോപി ത്രയങ്ങളെ അടുത്ത ജനറൽ ബോഡിയിൽ ഒരുമിച്ച് കാണാനാകുമെന്ന് പ്രതീക്ഷിക്കാം. അപ്പോയിന്റ്മെന്റില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റൂമിലേയ്ക്ക് കയറിച്ചെല്ലാനാകുന്ന ഒരാളാണ് അദ്ദേഹം. അത്രയ്ക്കും പവർഫുൾ ആയൊരു ആളാണ്. ഒരുപാട് തിരക്കുകളുള്ള ആളാണ് സുരേഷ് ഗോപി. അമ്മയുടെ അടുത്ത മീറ്റിംഗ് സമയത്ത് അദ്ദേഹം ഇവിടെ ഉണ്ടെങ്കിൽ ഉറപ്പായും പങ്കെടുക്കും'- ടിനി ടോം പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം...