
മുംബയ്: മഹാരാഷ്ട്ര നവനിർമാൺ സേന (എം എൻ എസ്) തലവൻ രാജ് താക്കറെയുടെ ഭീഷണിയിൽ സംഘർഷങ്ങൾ ഉണ്ടാവാതിരിക്കാൻ മുംബയിലെയും പരിസര പ്രദേശങ്ങളിലെയും മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണികളിൽ നിന്ന് ഇന്ന് ബാങ്ക് വിളി ഉയർന്നില്ല. മേയ് മൂന്നിന് ശേഷം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ചാൽ തന്റെ അനുയായികളോട് ഉച്ചഭാഷിണിയിലൂടെ അതിനേക്കാൾ ശബ്ദത്തിൽ ഹനുമാൻ ചാലിസ കേൾപ്പിക്കണമെന്ന് താക്കറെ ഭീഷണി മുഴക്കിയിരുന്നു. ഈ സമയപരിധി ഇന്നലെയോടെ അവസാനിച്ചതിനെ തുടർന്ന് സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ഒപ്പം കരുതൽ നടപടിയുടെ ഭാഗമായി രാജ് താക്കറേയ്ക്ക് ഐപിസി 149 പ്രകാരം നോട്ടീസും നൽകിയിട്ടുണ്ട്. അതായത് പൊലീസ് ആവശ്യപ്പെടുന്ന ഏത് സമയത്തും താക്കറെ സ്റ്റേഷനിൽ ഹാജരാവണം.
പ്രഖ്യാപിച്ച സമയപരിധി അവാസിനിക്കുന്നതിന് മുന്നോടിയായി താക്കറെ ഇക്കാര്യം ഇന്നലെ വീണ്ടും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. പള്ളികളിൽ ഇനിയും ഉച്ചഭാഷിണികൾ ഉപയോഗിച്ചാൽ പരാതിപ്പെടണമെന്നും, അതിനെതിരെ ഒപ്പ് ശേഖരിച്ച് പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ നൽകണമെന്നും അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡിന് നടുവിലെ കൂട്ടംകൂടിയുള്ള പ്രാർത്ഥനകൾ, ഉച്ചഭാഷിണി ഉപയോഗം തുടങ്ങിയവ നിയമപരമായി നേരിടണമെന്നും താക്കറെ ആവശ്യപ്പെട്ടു.
ഭീഷണിയുടെ പശ്ചാത്തലത്തിൽ കല്യാണിലെയും പനവേലിലേയും മിക്ക പള്ളികളിലും രാവിലത്തെ നിസ്‌കാര സമയത്ത് ഉച്ചഭാഷിണികൾ ഉപയോഗിച്ചില്ല. പള്ളികളിലെ ട്രസ്റ്റിമാരുമായി പൊലീസ് നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം രാവിലെ ഉച്ചഭാഷിണി നിറുത്തിവയ്ക്കുമെന്ന് അവർ അറിയിച്ചിരുന്നു.
സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്. താക്കറെയുടെ വീടിനുമുന്നിലെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഉച്ചഭാഷിണികളെക്കുറിച്ചുള്ള താക്കറെയുടെ പ്രസംഗത്തിനെതിരെ ചൊവ്വാഴ്ച ഔറംഗബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്. 1400 പേരോളം വരുന്ന പ്രവർത്തകർക്കെതിരെ താനെ പൊലീസ് 144 പ്രകാരം നോട്ടീസും അയച്ചിട്ടുണ്ട്.