
ആത്മവിശ്വാസം കൈവിടാതെ, ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം സത്യസന്ധത പുലർത്തുന്ന ഒരുപാട് പെൺകുട്ടികൾ നമുക്ക് മുന്നിലുണ്ട്. അത്തരത്തിലൊരാളാണ് സ്വിഗിയുടെ ഡെലിവെറി ഗേളായ നിലാ ചന്ദന. മറ്റുള്ളവർ എന്തു പറയുമെന്നോ എന്തു കരുതുമെന്നോ ചിന്തിക്കാതെ സ്വന്തമായി അദ്ധ്വാനിച്ച് മാന്യമായി ജീവിക്കാനാണ് ഓരോ പെൺകുട്ടികളും തീരുമാനിക്കേണ്ടതെന്ന അഭിപ്രായക്കാരി. രാത്രി എട്ടു മുതൽ 12 മണി വരെയുള്ള സമയത്താണ് അവർ ബംഗളൂരുവിൽ ഡെലിവെറി ഗേളായി ജോലി നോക്കുന്നത്. ഒരുപാട് പഠിച്ചിട്ടും ഈ ജോലിയാണോ ചെയ്യുന്നതെന്നും അസമയത്തുള്ള ജോലിയെ കുറിച്ച് മറ്റുള്ളവർ എന്തുകരുതുമെന്നുമുള്ള വിമർശനങ്ങൾക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നിലാ ചന്ദന മറുപടി നൽകിയിരിക്കുന്നത്.
ഫേസ്ബുക്കിന്റെ പൂർണരൂപം വായിക്കാം...
Hii... എന്റെ പേര് നില ചന്ദന.
ഞാൻ ബാംഗ്ലൂർ ആണ്.
എന്റെ ജോലി കാലത്ത് 10am to 8pm വരെ accountant.
അതിനു ശേഷം 8pm മുതൽ രാത്രി 12 മണിവരെ ഞാൻ Swiggy delivery girl ആണ്.
എന്റെ വിദ്യാഭ്യാസം Post graduation ആണ്.
ഞാൻ വിവാഹിത ആണ് ഭർത്താവ് ഒരു ഡ്രൈവർ ആണ്.
ഇവിടെ ഈ പോസ്റ്റ് ഇടുന്നത് എനിക്ക് തോന്നിയ ഒരു കാര്യം പറയാൻ ആണ് ഇതു അംഗീകരിക്കുമോ എന്ന് എനിക്ക് അറിയില്ല.
അയ്യേ നിനക്ക് നാണം ഇല്ലെ ഈ ഡെലിവറി ജോലി ചെയ്യാൻ അതും പാതിരാത്രി നിന്നെ കുറിച്ച് മറ്റുള്ളവർ എന്താ വിചാരിക്ക നീ ഒരു വൃത്തികെട്ട പെണ്ണ് ആണ് എന്ന് കരുതും.
ഇത്ര പഠിച്ചിട്ട് നിനക്ക് നാണം ആകുന്നില്ലേ ഈ ഡെലിവറി ഗേൾ ആയി ജോലി ചെയ്യാൻ ഇതു എന്നോട് ഒരു ആൾ പറഞ്ഞത് ആണ്.
എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ട്. അത് കൊണ്ട് ആത്മഹത്യ ചെയ്യാനോ അല്ലെങ്കിൽ വേശ്യവൃത്തി ചെയ്തു കാശു ഉണ്ടാക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ കുറിച്ച് മറ്റുള്ളവർ എന്താ വിചാരിക്കും എന്ന് ചിന്തിച്ചു. എന്റെ ജീവിത രീതികളെ മാറ്റി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.
ഈ പറയുന്നവർ ആരും എനിക്ക് ഉള്ള പ്രശ്നങ്ങൾ തീർക്കാനും വരില്ല.
പാതിരാത്രി ആയാലും ആത്മ ധൈര്യം കൈവിടാതെ ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്. അത് കൊണ്ട് ആണ് ഞാൻ Swiggy delivery girl ആയി ജോലി ചെയ്യുന്നത്.
നമ്മുടെ കേരളത്തിൽ സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികളെ പുറത്തു കണ്ടാൽ തന്നെ പലരീതിയിൽ വിലയിരുത്തുന്നവർ ഉണ്ട്.
എന്നാൽ അതെ കേരളത്തിലെ ആളുകൾ ബാംഗ്ലൂർ ഒരുപാട് ഉണ്ട്. അവർ food order ചെയ്തു ഞാൻ delivery ചെയ്യുമ്പോൾ എന്നെ അഭിനന്ദികുന്നു.
എന്താ കേരളത്തിൽ മാത്രം ഇങ്ങനെ ചെയ്യാത്തത് പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം ഇല്ലെ? ഉണ്ട് പക്ഷെ ഭയം അത് കേരളത്തിൽ മാത്രം അല്ല എല്ലാ നാട്ടിലും ഉണ്ട്.
ഒരു കാര്യം അറിയാമോ ഞാൻ രാത്രി ഓരോ ഓർഡർ എടുക്കാൻ ചെല്ലുമ്പോൾ അവിടെ പല നാട്ടിലെ ഡെലിവറി ജോബ് ചെയ്യുന്ന boys ഉണ്ടാകും. എന്നാൽ ഞാൻ ചെന്നാൽ അവർ എല്ലാവരും ആദ്യം എന്റെ ഓർഡർ കൊടുത്തു പറഞ്ഞു അയക്കും. അത് ഒരുപെൺകുട്ടി ആണ് എന്ന് ആ ഹോട്ടലിലെ ആളുകളോട് പറയും. എന്നിട്ട് എന്നെ ആദ്യം അവിടെ നിന്ന് safe ആയി പറഞ്ഞു വിടും.
ചില location ചെല്ലുമ്പോൾ എനിക്ക് വഴി അറിയില്ല. ആ വഴി വരുന്ന ഡെലിവറി boys ആരോട് എങ്കിലും ഞാൻ വഴി ചോദിക്കും. ചിലർ അവരുടെ ഓർഡർ ഉണ്ട്. എങ്കിലും എന്റെ ഓർഡർ കൊണ്ട് പോകാനുള്ള വഴി വരെ എനിക്ക് വഴികാട്ടി വരും.
അത് പോലെ തന്നെ ആണ് ഇവിടെ ഉള്ള ആളുകളും. രാത്രി ആയത് കൊണ്ട് ജോലി ഡെലിവറി ആയത് കൊണ്ടും ഒരു വൃത്തികെട്ട രീതിയിൽ ആരും ഇതുവരെ എന്നോട് പെരുമാറിയിട്ടില്ല. എല്ലാവർക്കും ഞാൻ മലയാളി ആണ് എന്ന് പറയുമ്പോൾ വല്ലാത്ത അത്ഭുതം ആണ്.
എന്നാൽ ഡെലിവറി ചെയ്യുന്ന വരെ വളരെ പുച്ഛത്തോടെ കാണുന്ന മലയാളികളുടെ ഒരു വീഡിയോ ഞാൻ കണ്ടു. ശരിക്കും എനിക്ക് ആ ആൾകാരോട് പുച്ഛം ആണ് തോന്നിയത്.
എല്ലാ ജോലിക്കും അതിന്റെതായ അന്തസ് ഉണ്ട്. ഡെലിവറി ജോലിക്ക് വിദ്യാഭ്യാസം ഒരു പ്രശ്നം അല്ല അത് ചെയാൻ ഉള്ള മനസ്സ് ആണ് വേണ്ടത്....
പിന്നെ ഇവിടെയും ചില കൂതറകൾ ഉണ്ട്. അവരുടെ ഫ്ലാറ്റിൽ ചെല്ലുമ്പോൾ 18 നില ആണ് എങ്കിലും സ്റ്റെപ് വഴി മാത്രം കയറി ഡെലിവറി ചെയ്യണം. ലിഫ്റ്റ് ഉപയോഗിക്കാൻ അവിടെ താമസിക്കുന്നവർക്ക് മാത്രം അനുവാദം ഉള്ളു ...
അപ്പോൾ ശരിക്കും വയ്യാതെ ആകും. ഇത്രക്കും പടികൾ കയറി അവിടെ ചെല്ലുമ്പോൾ പട്ടിയേക്കാൾ നന്നായി ഞാൻ കിതക്കുന്നുണ്ടാകും.
ചില ആൾകാർ tip തരും. അത് കിട്ടുമ്പോൾ വലിയ സന്തോഷം ആണ്...
ജോലി ചെയ്തു അതിൽ extra എമൗണ്ട് വരുമ്പോൾ ഒരു സന്തോഷം.
പിന്നെ ഒരു പേടി അത് എന്റെ ഭർത്താവിന്റെ അമ്മക്ക് ആണ്. അത് എന്നോട് വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ലാട്ടോ. രാത്രി വണ്ടി ഓടിക്കുമ്പോൾ എതിരെ വരുന്നവർ ശ്രദ്ധിച്ചില്ല എങ്കിലോ എന്ന ഭയം ആണ് പുള്ളികാരിക്ക്. ആളൊരു തനി നാട്ടിൻ പുറത്തുകാരി ആണ്. എന്നാലും ഈ പേടി ഒരു അമ്മ ആയത് കൊണ്ട് ഉള്ളത് ആണ് കേട്ടോ ...
നമ്മൾ ഭയന്ന് ജീവിച്ചാൽ തോറ്റു പോകും. ആത്മഹത്യ ചെയ്തു എല്ലാം അവസാനിപ്പിക്കാൻ തോന്നും. തെറ്റായ വഴി തിരഞ്ഞു എടുക്കും.... അങ്ങനെ ഒരിക്കലും ഒരാൾക്കും ഉണ്ടാകരുത്. സ്വയം നമ്മളിൽ ഉണ്ടാകുന്ന ധൈര്യം, വിശ്വാസം ആണ് നമ്മൾക്ക് ജീവിക്കാൻ ആത്മബലം നൽകുന്നത്. തോറ്റുപോകരുത് ആരും. ഈ കുറിപ്പ് ആർക്കെങ്കിലും ഒരു ഉപകാരം ആയാൽ വളരെ സന്തോഷം....