
മുടിയുടെ സംരക്ഷണത്തിന് പേരയില ഉപയോഗിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ പേരയില സഹായിക്കുമെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. പേരയിലയിൽ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവ ചർമ്മത്തിലെ അണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്നു.
പേരയില അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നതിലൂടെ അത്ഭുതകരമായ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും. കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച എന്നിവ അകറ്റി ചർമത്തിന് തിളക്കവും മിനുസവും ലഭിക്കുന്നു. പേരയുടെ ഇളം ഇലകളാണ് ഇതിന് ഏറ്റവും ഉത്തമം.
പേരയില അരച്ച് ഫെയ്സ് പാക്ക് ആക്കുക. വരണ്ട ചർമ്മമാണ് നിങ്ങൾക്കെങ്കിൽ ഫേയ്സ്പാക്ക് ഉണ്ടാക്കുമ്പോൾ തേൻ ചേർക്കണം. എണ്ണമയം ഉള്ള ചർമ്മമാണെങ്കിൽ നാരങ്ങാ നീര് ചേർക്കണം. മുഖക്കുരു ഉള്ളയാളാണെങ്കിൽ ഒരു നുള്ള് മഞ്ഞളും ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് മുഖത്ത് പുരട്ടാം.
മുഖം വൃത്തിയായി കഴുകിയ ശേഷം അഞ്ചുമിനിറ്റ് ആവി പിടിക്കുക. അതിനുശേഷം ഫെയ്സ് പാക്ക് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയാം. പേരയില അരച്ച് കുറച്ച് വെളളം ചേർത്ത് മിശ്രിതമാക്കിയാൽ സ്‌ക്രബ് ആയി ഉപയോഗിക്കാം. സ്‌ക്രബ് ചെയ്യുന്നതിലൂടെ ബ്ലാക് ഹെഡ്സിനെയും അകറ്റാം.
അതേസമയം എല്ലാവരുടെയും ചർമം ഒരുപോലെയല്ലെന്ന് മനസിലാക്കുക. ഒരു ചർമരോഗ വിദഗ്ദ്ധനോട് ചോദിച്ചശേഷം മുഖത്ത് പുരട്ടുന്നതായിരിക്കും നല്ലത്.