
ബംഗളൂരു: ബഹിരാകാശ പര്യവേഷണത്തിൽ ആഗോള കൊമ്പൻമാർക്കൊപ്പം മുൻപന്തിയിൽ തന്നെയാണ് ഐ എസ് ആർ ഒയും. ചരിത്രനേട്ടങ്ങൾ കൈവരിച്ച് വിജയക്കുതിപ്പ് തുടരുന്ന ഇന്ത്യ ചന്ദ്രനും ചൊവ്വയ്ക്കും ശേഷം കൈവയ്ക്കാൻ പോകുന്നത് നരകതുല്യമായ ഒരു ഗ്രഹത്തിലാണ്.
ഭൂമിയുടെ ഇരട്ടയെന്ന് അറിയപ്പെടുന്ന ശുക്രനിലേക്ക് ഒരു ഓർബിറ്റർ അയയ്ക്കാൻ തങ്ങൾ സജ്ജമാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ശുക്രനിലേക്ക് ഒരു ദൗത്യം നടത്താനുള്ള കഴിവ് ഇന്ത്യയ്ക്ക് ഉണ്ടെന്ന് കഴിഞ്ഞ ദിവസം ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി.

സൾഫ്യൂരിക് ആസിഡ് മേഘങ്ങൾ നിറഞ്ഞതും ഉയർന്ന അന്തരീക്ഷ താപത്തോടുകൂടിയതും വിഷലിപ്തവും തുരുമ്പു പിടിപ്പിക്കുന്നതുമായ അന്തരീക്ഷമാണ് ശുക്രന്റേത്. ഈ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുക എന്നതായിരിക്കും ദൗത്യത്തിന്റെ ലക്ഷ്യം. ഐ എസ് ആർ ഒ വർഷങ്ങളായി ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഇപ്പോൾ അതിനുള്ള പദ്ധതിയും ഫണ്ടും തയ്യാറായിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് സാദ്ധ്യമാക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
അമേരിക്ക ഉൾപ്പടെ നിരവധി രാജ്യങ്ങൾ ശുക്രനിലേക്കുള്ള ദൗത്യം നടത്താൻ പദ്ധതിയിടുന്നുണ്ട്. ശുക്രന്റെ ഉപരിതലം എങ്ങനെ നരകതുല്യമായി മാറിയെന്ന് മനസിലാക്കാനാണ് അവരും ശ്രമിക്കുന്നത്. ശുക്രൻ ഒരു കാലത്ത് ഭൂമിയെപ്പോലെ ആയിരുന്നു. അതിനാലാണ് അതിനെ ഭൂമിയുടെ ഇരട്ടയെന്ന് വിളിക്കുന്നത്. എന്നാൽ കാലാവസ്ഥാവ്യതിയാനമാണ് ശുക്രനെ ഇന്ന് കാണുന്ന ഗതിയിലെത്തിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു.

ഇന്ത്യയെക്കൂടാതെ അമേരിക്കയും സമീപഭാവിയിൽ ശുക്രനിലേക്ക് രണ്ട് പര്യവേഷണ വാഹനങ്ങൾ അയക്കുന്നുണ്ട്. ഏകദേശം നൂറ് കോടി ഡോളറാണ് അമേരിക്ക ഈ പദ്ധതികൾക്കായി മാറ്റി വയ്ക്കുന്നത്. ഡാവിൻചി പ്ലസ്, വെറിട്ടാസ് എന്നിങ്ങനെയാണ് പദ്ധതികളുടെ പേര്.