putin

മോസ്‌കോ : യുക്രെയിനിൽ റഷ്യ കടന്നുകയറ്റം തുടങ്ങിയത് മുതൽ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഉപരോധത്തിൽ യൂറോപ്യൻ രാജ്യങ്ങൾ കൂടി പങ്കുചേർന്നതോടെ റഷ്യയുടെ കയറ്റുമതി പ്രതിസന്ധിയിലായി. എന്നാൽ വൻ വിലക്കുറവിൽ എണ്ണകമ്പനികൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സമീപിച്ചതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. അമേരിക്കയുടെ അനിഷ്ടം കണക്കിലെടുക്കാതെ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണഇറക്കുമതി ചെയ്തപ്പോൾ, ചൈന റഷ്യയിൽ നിന്നും വലിയ അളവിൽ പ്രകൃതി വാതകമാണ് ഇറക്കുമതി ചെയ്തത്. 2022 ൽ ചൈനയിലേക്കുള്ള റഷ്യൻ ഗ്യാസ് വിതരണം 60% വർദ്ധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉപരോധവും, റഷ്യൻ കറൻസിയിൽ ഇടപാട് നടത്താൻ വിസമ്മതിക്കുന്നത് നിമിത്തവും യൂറോപ്പിലേക്കുള്ള റഷ്യയുടെ വാതക കയറ്റുമതി അനിശ്ചിതത്വത്തിൽ തുടരുമ്പോഴാണ് ചൈന രക്ഷയ്‌ക്കെത്തിയത്. റഷ്യൻ ഊർജ്ജ ഭീമനായ ഗാസ്‌പ്രോം വലിയ അളവിലാണ് ചൈനയിലേക്ക് കയറ്റുമതി തുടരുന്നത്. ഗാസ്‌പ്രോമും ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷനും (സിഎൻപിസി) തമ്മിലുള്ള കരാറിന്റെ ഭാഗമായി പവർ ഓഫ് സൈബീരിയ പൈപ്പ്‌ലൈൻ വഴിയാണ് ഈ കൈമാറ്റം നടക്കുന്നത്.

റഷ്യയുടെ യുക്രെയ്നിലെ അധിനിവേശത്തെ പരസ്യമായി അപലപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന രാജ്യമാണ് ചൈന. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ചൈനയെ സ്വാധീനിക്കുവാനും കഴിയുന്നില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം നയതന്ത്രപരമായ ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം.

ചൈന വലിയ അളവിൽ വാതക ഇറക്കുമതി തുടരുമ്പോഴും റഷ്യയിൽ നിന്നുമുള്ള ഗ്യാസ് കയറ്റുമതിയിൽ ഈ വർഷം 26.9% കുറവുണ്ടായി. കഴിഞ്ഞ വർഷം 50.1 ബില്യൺ ക്യുബിക് മീറ്ററാണ് അയച്ചത്. മാർച്ച് 31 മുതൽ യൂറോപ്യൻ യൂണിയൻ (ഇയു) ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഗ്യാസ് പേയ്‌മെന്റുകൾ റൂബിളിൽ നൽകണമെന്ന് പുടിൻ ഉത്തരവിട്ടിരുന്നു. ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾ വലിയ അളവിൽ ഫോസിൽ ഇന്ധനങ്ങൾ വാങ്ങുന്നതാണ് പുടിനെ കടുത്ത നീക്കങ്ങൾ സ്വീകരിക്കാൻ ധൈര്യം നൽകുന്നത്.