
മുംബയ്: പണപ്പെരുപ്പ നിരക്ക് ഉയർന്ന് നിൽക്കുന്നത് പരിഗണിച്ച് റിപ്പോ നിരക്ക് 0.40 ശതമാനം വർദ്ധിപ്പിച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. സെൻട്രൽ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി മേയ് രണ്ട് മുതൽ നാല് വരെ നടത്തിയ യോഗത്തിലാണ് തീരുമാനമായതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ, ഉയർന്ന അസംസ്‌കൃത എണ്ണവില, ആഗോളതലത്തിൽ ചരക്കുകളുടെ ദൗർലഭ്യം എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി.
വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വർദ്ധന. യോഗത്തിൽ പങ്കെടുത്തവരെല്ലാം തീരുമാനത്തെ പിന്തുണച്ച് വോട്ട് ചെയ്തു. 2020 മേയ് മുതൽ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുകയായിരുന്നു. ആർ ബി ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പണപ്പെരുപ്പ നിരക്ക് തുടരുന്നത്. റിപ്പോ നിരക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ വായ‌്‌പാ പലിശ നിരക്കും ഉയരും.