loan

വൻകിട വായ്പക്കാരും പലിശ കൊടുത്ത് മുടിയും

കൊച്ചി : സാധാരണക്കാരുടെ ഭവന, വാഹന വായ്‌പകളുൾപ്പെടെ എല്ലാവിധ കടമെടുക്കലുകളുടെയും പലിശയും ഇ. എം. ഐയും കുത്തനെ ഉയരാൻ കളമൊരുക്കി റിസർവ് ബാങ്ക് ഇന്നലെ അപ്രതീക്ഷിതമായി മുഖ്യ പലിശനിരക്കുകൾ വർദ്ധിപ്പിച്ചു.

വാണിജ്യബാങ്കുകൾ വാങ്ങുന്ന വായ്‌പയ്‌ക്ക് റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് 0.4 ശതമാനമാണ് കൂട്ടിയത്. ഇതോടെ റിപ്പോനിരക്ക് മൊത്തം 4.4 ശതമാനമായി. റിപ്പോനിരക്ക് അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്‌പകളുടെ പലിശ നിശ്ചയിക്കുന്നത്. വ്യാവസായിക കടമെടുപ്പുകാരെയും ഇത് ബാധിക്കും.

ഉടൻ വായ്‌പ എടുക്കുക

റിപ്പോനിരക്ക് കൂടിയതിന് ആനുപാതികമായി ബാങ്കുകൾ വൈകാതെ വായ്‌പാ പലിശനിരക്ക് കൂട്ടും. ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെയെല്ലാം പലിശ ഉയരും. മുതലിന്റെ വിഹിതവും പലിശയും ചേർന്ന ഇ.എം.ഐ വർദ്ധിക്കും. ബാങ്കുകൾ വർദ്ധന പ്രഖ്യാപിക്കും മുമ്പ് സ്ഥിര പലിശനിരക്കിൽ പുതിയ വായ്‌പ എടുത്താൽ നിലവിലുള്ള പലിശ നിരക്കിൽ കിട്ടും.

 വായ്‌പ എടുത്തവർ അറിയുക

നിലവിൽ സ്ഥിര പലിശ വ്യവസ്ഥയിൽ കടമെടുത്തവർക്ക് റിസർവ് ബാങ്കിന്റെ നീക്കം ബാധകമാവില്ല. അവർക്ക് നിലവിലെ ഇ.എം.ഐ തുടരും. റിപ്പോ അധിഷ്‌ഠിത ഫ്ളോട്ടിംഗ് പലിശനിരക്കുള്ളവർക്ക് ഇ.എം.ഐ കൂടും. ഭവന-വാഹന വായ്‌പകളിൽ കൂടുതലും ഈയിനത്തിലാണ്.

വായ്‌പത്തുകയിൽ 87,000 കോടി കുറയും

ബാങ്കുകളിലെ അധികപ്പണം സ്വീകരിക്കാനുള്ള പ്രത്യേക നിരക്കായ സ്‌റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ് ) നിരക്കും 3.75ൽ നിന്ന് 4.15 ശതമാനമാക്കി.

മൊത്തം നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധന അനുപാതം (കാഷ് റിസർവ് റേഷ്യോ - സി.ആർ.ആർ) 0.5 ശതമാനം വർദ്ധിപ്പിച്ച് 4.5 ശതമാനമാക്കി; ഇത് മേയ് 21ന് പ്രാബല്യത്തിൽ വരും. ബാങ്കുകൾ വായ്‌പയ്ക്കായി നീക്കിവയ്ക്കുന്ന തുകയിൽ 87,000 കോടി രൂപയുടെ കുറവുണ്ടാകാൻ ഇതിടവരുത്തും.

വലയ്‌ക്കും പലിശ

(എസ്.ബി.ഐ നിരക്കു പ്രകാരമുള്ള ഭവനവായ്‌പയുടെ കണക്ക്)

 വായ്‌പ : 25 ലക്ഷം

തിരിച്ചടവ് : 20 വർഷം

നിലവിലെ പലിശ: 6.8%

 നിലവിലെ ഇ.എം.ഐ : 19,083

പുതിയ പലിശ : 7.2%

പുതിയ ഇ.എം.ഐ : 19,684

ഇ.എം.ഐ വർദ്ധന : 601

 നിലവിലെ മൊത്തം പലിശ ബാദ്ധ്യത :20.80 ലക്ഷം

 പുതിയ പലിശനിരക്ക് പ്രകാരമുള്ള ബാദ്ധ്യത :22.24 ലക്ഷം

 അധിക ബാദ്ധ്യത : 1.44 ലക്ഷം