ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഹെയർ കളറിംഗ് പ്രക്രിയ മുടിക്ക് എത്ര ദോഷം ചെയ്യുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അമോണിയം, ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ കെമിക്കലുകൾ മുടിയുടെ തിളക്കവും ഭംഗിയും കെടുത്തുന്നതിനോടൊപ്പം അലർജിക്കും മുടികൊഴിച്ചിലിനും വരെ കാരണമാകാറുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ നിങ്ങളുടെ മുടിയിഴകളെ കളറിംഗിനു ശേഷവും അടിപൊളിയായി തന്നെ സൂക്ഷിക്കാനാകും.
പരിചയസമ്പന്നനായ ഒരു സ്റ്റൈലിസ്റ്റിന്റെ പക്കൽ നിന്നും കളറിംഗ് ചെയ്യാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ മുടിയുടെയും ചർമത്തിന്റെയും സ്വഭാവമനുസരിച്ചും നിങ്ങൾക്കിണങ്ങുന്ന കളറും ബ്രാൻഡും നിർദ്ദേശിക്കാൻ അവർക്കു കഴിയും.
തിരഞ്ഞെടുക്കുന്ന ഉൽപ്പന്നം കൈയിലോ ചെവിക്ക് പുറകിലോ പുരട്ടി അലർജിയൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഒപ്പം തന്നെ തിരഞ്ഞെടുത്ത നിറം ഏതാനും മുടിയിഴകളിൽ പുരട്ടി നിങ്ങളുടെ മുടിക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
കളറിംഗ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മുടി കണ്ടീഷൻ ചെയ്തിരിക്കണം. അതുപോലെ തന്നെ കളറിംഗിന് ശേഷവും. പല സ്റ്റൈലിസ്റ്റുകളും കളറിംഗിന് ശേഷമുള്ള കണ്ടീഷനിംഗിനെ എതിർക്കുമെങ്കിലും ഷാംപു ചെയ്യുന്നത് പോലെ തന്നെ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണിത്.
കളറിംഗ് ചെയ്ത മുടിക്കായി പ്രത്യേകം തയ്യാക്കിയിട്ടുള്ള കളർ പ്രൊട്ടക്ഷൻ ഉള്ള ഷാംപുവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക, പ്രോട്ടീൻ സമ്പന്നമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
കളറിംഗ് ചെയ്ത് കഴിഞ്ഞാലും തലമുടിയിൽ ആഴ്ചയിലൊരിക്കൽ എണ്ണതേച്ച് മസാജ് ചെയ്ത് കുളിക്കണം. എന്നാൽ ഹോട്ട് ഓയിൽ ട്രീറ്റ്മെന്റ് ചെയ്യുന്നത് ഒന്ന് രണ്ടാഴ്ചത്തേക്ക് ഒഴിവാക്കണം. നിങ്ങളുടെ മുടിയുടെ സ്വഭാവത്തിനനുസരിച്ച് ഒലീവ് ഓയിൽ, വെളിച്ചെണ്ണ, അർഗൻ ഓയിൽ, ബദാം ഓയിൽ എന്നിവ തിരഞ്ഞെടുക്കാം.
ഇടക്കിടക്ക് ഷാംപു ചെയ്യുന്നതും ഒഴിവാക്കണം. നിർബന്ധമാണെങ്കിൽ ഡ്രൈ ഷാംപു ഉപയോഗിക്കാം. ഓരോ 48 ആഴ്ചയും പാർലറിൽ പോയി ടച്ച് അപ്പ് ചെയ്യാൻ ശ്രമിക്കുക. ഇത് കളറിംഗിന്റെ ആയുസ് കൂട്ടും. ഇടക്കിടെയുള്ള ബ്ളോ ഡ്രൈ, ഹീറ്റിംഗ് , അയേണിംഗ് തുടങ്ങിയവ മുടി ഡ്രൈ ആക്കുന്നതിനോടൊപ്പം കളറിനേയും ബാധിക്കും.
ചൂട് വെള്ളത്തിന്റെ ഉപയോഗം കളർ മങ്ങുന്നതിന് കാരണമാകും, അതിനാൽ ചെറുചൂട് വെള്ളമോ തണുത്ത വെള്ളമോ കുളിക്കാൻ ഉപയോഗിക്കുക.
സ്വിമ്മിംഗ് പൂളിലെ വെള്ളത്തിൽ അടങ്ങിയിട്ടുള്ള ക്ളോറിൻ മുടിയിൽ ബ്ലീച്ചിംഗിന് സമാനമായ അവസ്ഥ ഉണ്ടാക്കും. അതിനാൽ സ്വിമ്മിംഗ് പൂൾ ഉപയോഗിക്കുമ്പോൾ ഷവർ ക്യാപ്പ് ധരിക്കുക. ചൂട് മുടിയിലെ ഈർപ്പം നശിപ്പിക്കുകയും കളർ മങ്ങാൻ കാരണമാകുകയും ചെയ്യും. അതിനാൽ വെയിലത്തിറങ്ങുമ്പോൾ തലയിൽ സ്കാർഫ് ധരിക്കണം.