പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം സി.ബി.െഎ -5 ദ ബ്രെയിനിലൂടെ വീണ്ടും സ്ക്രീനിലെത്തിയ ജഗതി ശ്രീകുമാറിനെക്കുറിച്ച് ഒപ്പം അഭിനയിച്ച
മകൻ രാജ്കുമാർ സംസാരിക്കുന്നു

ഒരുപാട് കാത്തിരുന്ന നിമിഷം...അങ്ങനെ വർഷങ്ങൾക്ക് ശേഷം സാക്ഷിയായി." സി.ബി.ഐ5 ദി ബ്രെയിനിലെ ജഗതി ശ്രീകുമാറിന്റെ വിക്രമിനെ കണ്ട് നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്. അജുവിന്റെ മാത്രമല്ല, ജഗതി എന്ന മഹാനടന്റെ തിരിച്ചുവരവ് കാത്തിരുന്ന ഓരോ സിനിമാ സ്നേഹിയുടെയും ആഗ്രഹം നിറവേറുക കൂടിയായിരുന്നു സി.ബി.ഐ5വിലൂടെ. അപകടം പറ്റിയത് ജഗതിയുടെ ശരീരത്തിന് മാത്രമാണ്; മനസിനല്ല എന്ന് വിക്രം തെളിയിക്കുന്നു.
ജഗതിക്ക് പകരം ജഗതി മാത്രം
ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിന് ഏറ്റവും യോജിച്ച ചിത്രം തന്നെയായിരുന്നു സി.ബി.ഐ5 എന്നതിൽ സംശയമില്ല. തിയേറ്ററുകളിൽ നിന്ന് ഉയരുന്ന കൈയടികൾ ഈ മഹാനടന് പ്രേക്ഷന്റെയുള്ളിലെ സ്ഥാനം വീണ്ടും ഊട്ടിഉറപ്പിക്കുകയാണ്. ഓരോ തവണയും സേതുരാമയ്യർ എത്തുമ്പോൾ അദ്ദേഹത്തിന്റെ ഇടത്തും വലത്തും ചാക്കോയും വിക്രമും ഉണ്ടാകും. ഇത്തവണ അതുണ്ടാകുമോ എന്ന ചോദ്യം സിനിമ പ്രഖ്യാപിക്കപ്പെട്ടതു മുതൽ പ്രേക്ഷന്റെയുള്ളിൽ ഉണ്ടായിരുന്നു. കാരണം വിക്രമിന് പകരക്കാരനായി ആരെ കൊണ്ടുവന്നാലാണ് ജഗതിയോളം വരിക? വിക്രമിന് പകരം ജഗതി ശ്രീകുമാർ മാത്രം. അക്കാര്യത്തിൽ എസ്.എൻ. സ്വാമി പ്രേക്ഷകനെ നിരാശപ്പെടുത്തിയില്ല.
എല്ലാവരെയും അത്ഭുതപ്പെടുത്തിയ നിമിഷം
'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സി.ബി.ഐ5വിലുടെ നടന്നത്. പപ്പയുടെ തിരിച്ചുവരവ് കുടുംബത്തിലുണ്ടാക്കിയ ആഹ്ളാദം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല" ജഗതിയുടെ മകൻ രാജ്കുമാർ പറയുന്നു. 'പപ്പയെ എങ്ങനെയും തിരിച്ചുകൊണ്ടുവരണമെന്ന ഉദ്ദേശ്യത്തിലാണ് ഞാൻ ജഗതി ശ്രീകുമാർ എന്റർടെയ്ന്റ്മെന്റ്സ് എന്ന പേരിൽ നിർമ്മാണ കമ്പനി തുടങ്ങിയത്. ആ ബാനറിൽ ഒരു പരസ്യചിത്രവും നിർമ്മിച്ചു. പപ്പ തന്നെയായിരുന്നു അതിലെ ശ്രദ്ധാകേന്ദ്രം. അതു കണ്ടിട്ടാണ് എസ് .എൻ. സ്വാമി വിളിക്കുന്നത്. ഞങ്ങളും കാത്തിരുന്ന നിമിഷമായിരുന്നു അത്. ലൊക്കേഷനിൽ എത്തിയപ്പോൾ എനിക്ക് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. കാരണം മരുന്ന് കഴിക്കുന്നത് കൊണ്ട് പപ്പയുടെ മൂഡ് മാറാൻ ഇടയുണ്ട്. അക്കാര്യം പറഞ്ഞപ്പോൾ, എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്നാണ് മധു സാർ പറഞ്ഞത്. പക്ഷേ ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒറ്റടേക്കിൽ തന്നെ പപ്പ ഷോട്ട് ഓക്കെയാക്കി. ഒരിക്കൽ പോലും റിഹേഴ്സൽ നോക്കേണ്ടി വന്നില്ല".
പപ്പയ്ക്കൊപ്പം ഇനിയും അഭിനയിക്കണം
പത്മരാജന്റെ മൂന്നാം പക്കത്തിൽ ജയറാമിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് രാജ്കുമാർ സിനിമയിലേക്കെത്തുന്നത്. തുടർന്ന് അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പഠിത്തം പൂർത്തിയാക്കിയിട്ട് മതിയെന്ന അച്ഛന്റെ ഉപദേശം സ്വീകരിക്കുകയായിരുന്നു. തിരിച്ചുവരവ് അച്ഛനൊപ്പം ആയത് വലിയ ഭാഗ്യമാണെന്ന് രാജ്കുമാർ പറയുന്നു. 'പപ്പ തിരിച്ചുവരും, ഇനി ഞങ്ങൾക്കത് ഉറപ്പുണ്ട് ".
മകന്റെ ഈ വാക്കുകൾ ജഗതി എന്ന മഹാനടനെ സ്നേഹിക്കുന്നവർക്ക് മാത്രമല്ല മലയാള സിനിമയ്ക്ക് തന്നെ ആശ്വാസമാവുകയാണ്.