ഇന്നസെന്റ് കഥകൾ

എന്റെ ഇലക്ഷൻ കാലത്തെ ചില കഥകൾ പറയാം. പലരും പറയാൻ മടിക്കും അതൊക്കെ പറഞ്ഞില്ലെങ്കിൽ ഞാൻ ഇന്നസെന്റ് ആവില്ലെന്നതാണ് സത്യം. 2014ൽ പാർട്ടിക്കാർ എന്നോട് പറഞ്ഞു നിങ്ങൾ ചാലക്കുടി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്ന്. സി.പി.എമ്മിന്റെ തൃശ്ശൂർ ജില്ലാ സെക്രട്ടറി വർഗ്ഗീസ് അത് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചു എന്താണ് വേണ്ടതെന്ന്. മാത്രമല്ല അക്കാലത്ത് മോശമില്ലാതെ സിനിമയുണ്ട്. എന്റെ മകൻ എന്നോട് പറഞ്ഞു നിൽക്കപ്പച്ചാ വരണത് വരട്ടെയെന്ന്. വരണതു വരട്ടെ എന്ന് ചിന്തിച്ച് പല കാര്യങ്ങളും ചെയ്യുന്ന ആളാണ് ഞാൻ. അന്നെനിക്ക് അസുഖവും ഉണ്ടായിരുന്നു. അങ്ങനെ ഞാൻ ഡോക്ടർ വി.പി.ഗംഗാധരനെ വിളിച്ചു ചോദിച്ചു ഞാൻ ഇലക്ഷനു നിൽക്കാൻ ആലോചിക്കുന്നുണ്ട് എന്താ അഭിപ്രായമെന്ന്. എവിടെങ്കിലുമൊക്കെ എൻഗേജ്ഡ് ആകണമെന്നും അസുഖത്തെ പറ്റി മറന്നു പോകാൻ അതാണ് നല്ലതെന്നുമായിരുന്നു മറുപടി. അന്ന് എ. സി മൊയ്തീൻ മന്ത്രിയൊന്നുമല്ല. എനിക്കും സന്തോഷമായി കാരണം അദ്ദേഹമടക്കം പ്രധാനപ്പെട്ട പല ആൾക്കാരും നമ്മുടെ വീട്ടിലേക്ക് വരാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ ഇലക്ഷനു നിൽക്കുന്നത്. അതിനു ശേഷം ഓട്ടംതന്നെ ആയിരുന്നു. ചാലക്കുടി മണ്ഡലത്തിൽ ഏഴ് നിയോജക മണ്ഡലങ്ങളാണ്. കാലത്തെഴുന്നേറ്റ് കുളികഴിഞ്ഞ് ഒരു വാശിപോലെയാണ് പോകാറുള്ളത്. അന്ന് എന്നെകാണാൻ വരുന്ന പാർട്ടിക്കാരല്ലാത്തവരോട് പാർട്ടിപരമായ ഒരു കാര്യവും ഞാൻ പറയാറില്ലായിരുന്നു. എന്റെ ജീവിതത്തിലെ ചില സംഭവങ്ങളെ പറ്റി പറയുമ്പോൾ അവർ ചിരിക്കും. ആ ചിരിയിൽ നിന്ന് എനിക്കു മനസിലാകും നമുക്ക് വോട്ട് ചെയ്യുന്നവരെയും അല്ലാത്തവരെയും.ഒരിക്കൽ ഞാനൊരു കോൺവെന്റിൽ ചെല്ലുമ്പോൾ ആ കോൺവെന്റിലെ മദർ എന്നോട് വന്നു പറഞ്ഞു കമ്മ്യൂണിസ്റ്റുകാരനാണല്ലേ? ഞാൻ പറഞ്ഞു അതെ. എനിക്ക് മനസിലായി ആ വോട്ട് പോയെന്ന്. അപ്പനും കമ്മ്യൂണിസ്റ്റായിരുന്നല്ലേ ?
അതെ എന്നുവച്ചാൽ അതിനർത്ഥം അപ്പനും ക്രിസ്ത്യാനിയായിരുന്നു താനും ക്രിസ്ത്യാനി ആയിരുന്നു എന്നു പറയുന്നത് പോലെ. എന്റെ അമ്മ കോൺഗ്രസ്സായിരുന്നു കല്യാണം കഴിഞ്ഞു വന്നപ്പോൾ കമ്മ്യൂണിസ്റ്റായി. എന്റെ ചേച്ചിയെ കല്യാണം കഴിച്ചയാൾ കല്യാണം കഴിക്കുന്നതിന് മുമ്പ് കോൺഗ്രസ്സായിരുന്നു കല്യാണം കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അദ്ദേഹവും കമ്മ്യൂണിസ്റ്റായി. അങ്ങനെ സിസ്റ്റർ എന്നോട് പറഞ്ഞു ഞങ്ങളൊന്നാലോചിക്കട്ടെയെന്ന് . മറ്റു കന്യാസ്ത്രീകളും അവിടവിടെ വന്നു നിൽക്കുന്നുണ്ടായിരുന്നു. സിസ്റ്റർ നോക്കട്ടെ എന്നു പറഞ്ഞു കഴിഞ്ഞപ്പോൾ പിന്നിൽ നിന്നവർ പറഞ്ഞു ഞങ്ങളുണ്ട് നിങ്ങൾ പൊയ്ക്കോളാൻ. ഇതു കണ്ട് ഞാനാ കന്യാസ്ത്രീയോടു പറഞ്ഞു ആലോചിച്ചിട്ടു ചെയ്താൽ മതി കുഴപ്പമില്ലെന്ന്.ഞാൻ കാരണം അവർ കുഴപ്പത്തിലാകരുതല്ലോ.
എന്തായാലും ഇലക്ഷന്റെ ദിവസവും വന്നു വോട്ടിംഗും കഴിഞ്ഞു ഏതാണ്ട് ഒരു മാസം ഉണ്ടായിരുന്നു റിസൾട്ടുവരാൻ.
ഞാനെന്റെ വീട്ടിലിരിക്കുകയായിരുന്നു എന്റെ രണ്ടളിയൻമാരും പെങ്ങന്മാരും, എന്നെ സഹായിച്ചിരുന്ന പാർട്ടി ജില്ലാ കമ്മിറ്റിക്കാരും അങ്ങനെ എല്ലാവർക്കുമൊപ്പം ടി.വി യിൽ നോക്കി ഇരിക്കുകയാണ്. തോൽക്കുന്നതിനെ കുറിച്ചു ഞാൻ ചിന്തിച്ചിട്ടില്ല , ഞാൻ ജയിക്കും എന്ന് എനിക്കുറപ്പുണ്ടായിരുന്നു.അങ്ങനെ നമ്മൾ ജയിച്ചു. ഞാനും എന്റെ കുടുംബവും കൂടിയാണ് ഡൽഹിക്ക് പോയത്. ഞാൻ മലയാളത്തിൽ ദൈവനാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്തത് അതൊക്കെ എനിക്കൊരു പുതിയ അനുഭവമായിരുന്നു. എന്തായാലും അത് കഴിഞ്ഞ് അഞ്ച് വർഷം ഞാൻ എം. പി ആയി. വീണ്ടും ഇലക്ഷൻ വന്നു ഞാൻ തന്നെ നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാനില്ലിത്തവണയെന്നു പറഞ്ഞു. അപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ കൊണ്ട് പറയിപ്പിച്ചു എന്നോട് നിൽക്കണമെന്ന്. പിന്നെ ഞാൻ എതിർത്തില്ല . റിസൾട്ടറിയുന്ന അന്ന് എല്ലാവരും ഉണ്ടായിരുന്നു. ഒരാൾ വന്നിട്ടു പറഞ്ഞു പോസ്റ്റൽ വോട്ട് എണ്ണിയതിൽ എനിക്ക് കുറവാണെന്ന്. അത് കാര്യമാക്കിയില്ല. അത് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ എന്റെ വോട്ട് താഴാൻ തുടങ്ങി ബെന്നിബെഹനാൻ കുറച്ച് മുകളിലായി. അതിനു മുമ്പ് 14000 വോട്ടിന് ജയിച്ച ആളാണ് ഞാൻ ഇപ്പോൾ ഞാൻ 20000 വോട്ടിന് താഴെയായി. പിന്നെ അത് 30 ആയി 40 ആയി. ഒരു ലക്ഷത്തി ചില്ലാനം വോട്ടിനു മേലെ ആയപ്പോൾ എനിക്ക് പെട്ടെന്ന് ചിരിവന്നു. പിന്നെ നോക്കിയപ്പോൾ അതുവരെ കൂടെയുണ്ടായിരുന്നവരെ ആരെയും കാണുന്നില്ല. അങ്ങനെ ദയനീയമായി തോറ്റു. തോൽവി എനിക്കൊരു പ്രശ്നമായിരുന്നില്ല. എനിക്ക് പെട്ടെന്ന് ചിരിവന്നു ഞാൻ പറഞ്ഞു സംഭവം കഴിഞ്ഞുകേട്ടോ. പിന്നെ അവിടെ ബാക്കിയുണ്ടായിരുന്നത് എന്റെ രണ്ടളിയന്മാരും മകനും മാത്രമായിരുന്നു. പത്ത് മുപ്പത്തഞ്ച് പേർക്ക് ഭക്ഷണം കരുതിയിട്ടുണ്ടായിരുന്നു ഭാര്യ ചോദിച്ചു ഇനി ഇത് എന്ത് ചെയ്യാനാ? എന്ത് ചെയ്യാൻ മൊത്തം എടുത്ത് ഫ്രീസറിൽ കേറ്റിക്കൊ അടുത്ത അഞ്ച് വർഷം കഴിഞ്ഞ് ഇലക്ഷനുണ്ടല്ലോ അന്ന് ജയിക്കാണെങ്കിൽ നമുക്ക് അപ്പൊ എടുക്കാം. ഇതൊക്കെ ഞാനല്ലാതെ വേറെ ആരും പറയില്ല. തോറ്റു കഴിയുമ്പോൾ നമുക്ക് വലിയ വേദനയൊന്നും കാണില്ല കാരണം നമുക്ക് കാശ് നഷ്ടമൊന്നും ഇല്ലല്ലോ അതൊക്കെ പാർട്ടിക്കാരാണ് ചെയ്യുന്നത് അതാണ് നമ്മുടെ ഇടത് പക്ഷത്തിന്റെ ഗുണം. ഒരു വലിയ നേതാവ് എന്നോട് പറഞ്ഞിട്ടുണ്ട് പത്ത് കോടിയാണ് എനിക്ക് വേണ്ടി ചെലവായതെന്ന്.