സുരേഷ് ഗോപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് നടൻ ടിനി ടോം. വർഷങ്ങളായി അമ്മ സംഘടനയിൽ നിന്നും അകന്നു നിൽക്കുന്ന താരത്തെ വീണ്ടും സംഘടനയുടെ ഭാഗമാക്കാൻ ശ്രമിച്ചവരിൽ പ്രധാനി ടിനിടോം ആണ്.

മോഹൻലാലിനെക്കാളും മമ്മൂട്ടിയെക്കാളും താൻ ഏറെ ആരാധിക്കുന്ന വ്യക്തി സുരേഷ് ഗോപിയാണെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്....

' മമ്മൂട്ടിയെയാണോ മോഹൻലാലിനെ ആണോ കൂടുതൽ ഇഷ്ടമെന്ന് ചോദിക്കുന്നവരോട് ഞാൻ ആദ്യം പറയുന്നത് സുരേഷ് ഗോപിയുടെ പേരാണ്. അത് മനുഷ്യൻ എന്ന നിലയിലാണ്. ലാലേട്ടനേയും മമ്മൂക്കയേയും നടന്മാർ എന്ന നിലയിൽ ഇഷ്ടമാണ്. പക്ഷേ,​ ഞാൻ പഠിച്ച പുസ്തകമാണ് സുരേഷ് ഗോപി.

വർഷങ്ങൾക്ക് മുമ്പ് ഒരു സുഹൃത്ത് പറഞ്ഞാണ് ജോർജേട്ടൻ സുഖമില്ലാതെ കിടക്കുന്ന കാര്യം അറിയുന്നത്. സ്ഫടികം ജോർജ് എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം. ടെററർ ഫീലാണ് അദ്ദേഹം തന്നിരുന്നത്. നേരിട്ട് കണ്ടപ്പോൾ വിശ്വസിക്കാനായില്ല. നല്ല അവശനായിരുന്നു. കിഡ്നി ട്രാൻസ് പ്ലാന്റേഷനാണ് വേണ്ടത്.

ഇത് എവിടെയെങ്കിലും എത്തിക്കണമെന്നുണ്ടായിരുന്നു. ഞാൻ,​ എന്റെ കുടുംബം,​ എന്ഫെ വീട് എന്ന് ചിന്തിക്കുന്ന കൂട്ടത്തിൽ അല്ല ഞാൻ. സിനിമിയിലെ ഒന്ന് രണ്ട് പേരെ വിളിച്ചപ്പോൾ അത് അറിയാം ടിനി എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തവരുണ്ട്. സിനിമയിൽ ചാൻസ് ചോദിക്കാൻ നല്ല ചമ്മലുള്ള ആളാണ് ഞാൻ.

ആ ഞാൻ ഇവരെ വിളിച്ചത് ഒരാളുടെ ജീവൻ രക്ഷിക്കാനായിട്ടാണ്. എന്താ ചെയ്യേണ്ടതെന്ന് അറിയാൻ വയ്യാത്ത അവസ്ഥയിലാണ് നെടുമ്പാശേരി എയർപോർട്ടിൽ വച്ച് സുരേഷേട്ടനെ കാണുന്നത്. ഞാൻ അടുത്ത് ചെന്നപ്പോഴേക്കും ഫ്ലൈറ്റിന്റെ സമയം ആയി. രണ്ടുപേരും പിരിഞ്ഞു. തിരുവനന്തപുരം എയർപോർട്ടിൽ കണ്ടിട്ടേ പോകാവൂയെന്നും പറഞ്ഞു.

തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും സ്ഫടികം ജോർജിന്റെ നമ്പർ തരാൻ അദ്ദേഹം പറഞ്ഞു. അന്ന് ഞാൻ വിചാരിച്ചത് എല്ലാവരെയും പോലെ പുള്ളിയും കേട്ടു കളയുമെന്നാണ്. പക്ഷേ,​ ട്രാൻസ്പ്ലാന്റേഷൻ നടത്തേണ്ടതിന്റെ എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു.

അന്നൊന്നും ഇതുപോലെ പൊളിറ്റിക്സിൽ സജീവമല്ല സുരേഷേട്ടൻ. അന്ന് മുതൽ സുരേഷേട്ടൻ എന്ന വ്യക്തിയെ അറിഞ്ഞു തുടങ്ങി. പിടിച്ചു വാങ്ങാൻ മിടുക്കനാണ് അദ്ദേഹം. പക്ഷേ,​ അതുപോലെ കൊടുക്കാനും മിടുക്കനാണ്. പലരും സിനിമയിൽ പിടിച്ചു വാങ്ങുക മാത്രമേ ചെയ്യാറുള്ളൂ. കൊടുക്കുന്നത് അമ‌ർത്തി കുലുക്കിയായിരിക്കും.

ഇങ്ങനയൊരു മകൻ പുറത്ത് നിൽക്കുന്നത് അമ്മ സംഘടനയ്‌ക്ക് ഒട്ടും ഗുണം ചെയ്യില്ല. എനിക്ക് ഉത്തരവാദിത്തമുണ്ട്. അമ്മയിൽ പറ്റാവുന്നവരെ കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചു. സുരേഷേട്ടനോട് ഞാനെപ്പോഴും ചോദിക്കുമായിരുന്നു തിരിച്ചു വന്നൂടെയെന്ന്. അന്ന് അദ്ദേഹത്തിന് വേദനയുണ്ടാക്കിയ പല കാര്യങ്ങളും പറഞ്ഞു. അത് തെറ്റാണെന്ന് പുതിയ കമ്മിറ്റിക്ക് ബോദ്ധ്യമായതുകൊണ്ടാണ് അത് തിരുത്തിയത്. അതൊരു കാവ്യനീതിയാണ്. " ടിനി ടോം പറഞ്ഞു.

suresh-gopi